ചെന്നൈ: നടി തൃഷയ്‌ക്കെതിരെയായ മാനനഷ്ടകേസിൽ ഹൈക്കോടതിയെ സമീപിച്ച് മൻസൂർ അലി ഖാൻ. തൃഷയ്‌ക്കു പുറമെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൂവരും 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാന്നാണ് മൻസൂർ അലി ഖാന്റെ ആവശ്യം.
അടുത്തിടെ വിജയ് നായകനായി പുറത്തിങ്ങിയ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം ഉന്നയിച്ചതിനെ തുടർന്ന് മൻസൂർ അലി ഖാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് താരം തൃഷയ്‌ക്കെതിരെ നടത്തിയ പരാമർശം തമാശയായി കാണണമെന്നും മാപ്പു ചോദിക്കുന്നതായും പറഞ്ഞിരുന്നു. സംഭവത്തിൽ മാപ്പ് സ്വീകരിച്ച തൃഷ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും അറിയിച്ചു. എന്നാൽ ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി നടൻ വീണ്ടും രംഗത്തെത്തിയത്. തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും തൃഷയ്‌ക്കും ഖുഷ്ബുവിനും ചിരഞ്ജീവിക്കും ഇതിൽ പങ്കുണ്ടെന്നുമാണ് മൻസൂർ അലിഖാന്റെ വാദം. മാപ്പ് പറഞ്ഞതിനു ശേഷവും തന്നെ വീണ്ടും വേട്ടയാടുകയാണെന്നും വീഡിയോ പൂർണമായി കാണാതെ താൻ തമാശയ്‌ക്ക് പറഞ്ഞ കാര്യങ്ങൾ വീണ്ടും വിവാദമാക്കിയെന്നുമാണ് ഹർജിയിലെ ആരോപണം.















