ഭുവനേശ്വർ: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഡിസ്റ്റിലറി ഗ്രൂപ്പിൽ നിന്ന് കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ഇപ്പോഴും എണ്ണിത്തീർക്കാൻ കഴിയാതെ ആദായ നികുതി വകുപ്പ്. ഞായറാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 353 കോടി രൂപ എണ്ണിത്തീർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുഴുവൻ തുകയും എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലായിരുന്നു ഐടി റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് കോൺഗ്രസ് എംപിയോ കമ്പനിയോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
350 കോടിയിലധികം രൂപ , 176 ചാക്ക് പണം, 40 നോട്ടെണ്ണൽ യന്ത്രങ്ങൾ
ഒറ്റ ഓപ്പറേഷനിൽ നിന്നും കണ്ടെടുക്കുന്ന ഏറ്റവും വലിയ കള്ളപ്പണത്തുകയാണ് ഇതെന്ന് അധികൃതർ പറയുന്നു. 176 ചാക്കുകൾ നിറയെ പണമായിരുന്നു. നോട്ടുകൾ എണ്ണുന്നതിനായി 40 യന്ത്രങ്ങളാണ് അധികൃതർ കൊണ്ടുവന്നത്. ആദായ നികുതി വകുപ്പിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നുമായി 80 പേരടങ്ങുന്ന സംഘത്തെ കള്ളപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി ആദ്യം നിയോഗിച്ചു. ചാക്കിൽ നിറച്ച പണത്തിന് പുറമേ പത്തോളം അലമാരകളിലായി നിറച്ച നോട്ടുകെട്ടുകളും കണ്ടെടുത്തതോടെ 200 ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം കൂടി പണം തിട്ടപ്പെടുത്താൻ ചേരുകയായിരുന്നു.















