ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം ആരുടേതാണെന്ന് രാഹുൽ മറുപടി പറയണമെന്നും നദ്ദ വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഴിമതിക്ക് പേരുകേട്ട പാർട്ടിയാണ് കോൺഗ്രസ്. അഴിമതിയാണ് കോൺഗ്രസിന്റെ നയം. പാവപ്പെട്ടവരുടെ പണമാണ് കോൺഗ്രസ് നേതാക്കൾ തട്ടിയെടുക്കുന്നത്. ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താൻ പോലും കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവരുടെ ഈ പണം എങ്ങനെ കൊള്ളയടിച്ചുവെന്ന് കോൺഗ്രസ് ഉത്തരം പറയണം. രാഹുലും സോണിയയും മറുപടി പറയണം’.
‘അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണ് കോൺഗ്രസ്. ധീരജ് സാഹു ബിസിനസുകാരനാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് വ്യവസായിയാണ് ഇത്രയും പണം വീട്ടിൽ സൂക്ഷിക്കുന്നത്. രാഹുലും സോണിയയും എപ്പോഴും ഇഡിയെയും ഐടിയെയുമാണ് കുറ്റപ്പെടുത്തുന്നത്. ഈ സംഭവത്തിൽ അവർക്ക് എന്താണ് പറയാനുള്ളത്. രാജ്യത്തെ ഒരു അഴിമതിക്കാരനെയും വെറുതെ വിടില്ലെന്നത് മോദി സർക്കാരിന്റെ നയമാണെന്നും’ നദ്ദ പറഞ്ഞു.
ധീരജ് സാഹുവിന്റെ വീടുകളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 300 കോടി രൂപയിലധികം കള്ളപ്പണമാണ് ഇതുവരെ കണ്ടെടുത്തത്.















