ഭോപ്പാൽ: മദ്ധ്യപ്രദേശിലും പുതുമുഖം. ദക്ഷിണ ഉജ്ജൈൻ മണ്ഡലത്തിൽ നിന്നുള്ള മോഹൻ യാദവിനെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മുൻപ് വിദ്യാഭ്യാസ മന്ത്രിയായി ചുമതല വഹിച്ചിരുന്നു. ഭോപ്പാലിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് മോഹൻ യാദവിന്റെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ് മോഹൻ യാദവ്. രാജേന്ദ്ര ശുക്ല, ജഗ്ദീശ് ദേവ്ദ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും യോഗം തിരഞ്ഞെടുത്തു.

മുതിർന്ന നേതാക്കളും കേന്ദ്ര നിരീക്ഷകരായ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഒബിസി മോർച്ച ദേശീയ പ്രസിഡന്റ് കെ ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലക്ഡ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. അനിശ്ചിതത്വം തുടരുന്നുവെന്ന പ്രതിപക്ഷ വാദങ്ങൾക്ക് കൃത്യമായ മറുപടിയായാണ് മുഖ്യമന്ത്രിയായി മോഹൻ യാദവിന്റെ പേര് എത്തുന്നത്.
ഭരണം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് കടുത്ത തിരച്ചടിയായിരുന്നു സംസ്ഥാനത്തെ ജനവിധി. വലിയ തോതിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതിയ മദ്ധ്യപ്രദേശിൽ ബിജെപിയുടെ വിജയം പ്രവചനാതീതമായിരുന്നു. 230 സീറ്റുകളുള്ള നിയമസഭയിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി വിജയം നേടിയത്. 15 മാസത്തെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ മാറ്റിനിർത്തിയാൽ രണ്ട് പതിറ്റാണ്ട് തുടർച്ചയായി അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് ബിജെപി. സ്ത്രീ വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ നിർണായകമായത്.
കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നുള്ള വാദങ്ങളെ മറികടക്കുന്ന ജനവിധിയായിരുന്നു മദ്ധ്യപ്രദേശിലേത്. സ്ത്രീവോട്ടർമാരുടെയും സാധാരണക്കാരുടെയും വോട്ടുകൾ ഏകീകരിച്ചതോടെയാണ് ബിജെപി വൻവിജയം കരസ്ഥമാക്കിയത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികളും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും വിജയത്തിന് കാരണമായി.















