ഞാൻ കരുതിയിരുന്നത് സീനിയർ താരങ്ങൾ പറഞ്ഞാൽ ഈ വലിയ ടീമുകളിൽ അവസരം ലഭിക്കുമെന്നാണ്…പക്ഷേ അതിനൊക്കെ കഴിവും നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് മാനദണ്ഡമെന്ന് ഞാൻ പിന്നീട് മനസിലാക്കി…! അതേ, ആ മാനദണ്ഡങ്ങൾ ലക്കാക്കിയാണ് വയനാടിന്റെ സ്വന്തം സജ്‌നയെ വനിത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. രണ്ടു ടീമുകളാണ് സജ്‌നയ്‌ക്കായി ലേലം വിളിച്ചത്. ഒന്ന് മിന്നുമണിയുടെ ഡൽഹിയും രണ്ടാമത്തേത് സാക്ഷാൽ മുംബൈ ഇന്ത്യൻസും. ഒടുവിൽ 15 ലക്ഷം രൂപയ്‌ക്ക് കേരളത്തിന്റെ ഓൾറൗണ്ടറെ ദൈവത്തിന്റെ സ്വന്തം ടീം അവരുടെ ഭാഗമാക്കി. ഈ നേട്ടങ്ങളിലേക്ക് 28-കാരി കടന്നുവരാൻ താണ്ടിയത് ചില്ലറ ദൂരമല്ല. അവഗണനകളുടെയും കഷ്ടപാടുകളുടെയും വലിയൊരു കാലത്തെ ബൗണ്ടറി കടത്തിയാണ് കേരളം അഭിമാനിക്കുന്ന നേട്ടം കൈയെത്തി പിടിച്ചത്. വനവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ നിന്നുള്ള സജന അഞ്ചാം ക്ലാസ് മുതൽ ഹോസ്റ്റലിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ക്രിക്കറ്റിലേക്ക് എത്താൻ വൈകിയെങ്കിലും അത് അവൾക്കൊരു വിലങ്ങ് തടിയായില്ല.
വനിതാ ഐപിഎല്ലിന്റെ ഭാഗമാകാനായി ആർസിബി, മുംബൈ, ഗുജറാത്ത്, ഡൽഹി, യു.പി വാരിയേഴ്‌സ് എന്നിങ്ങനെ അഞ്ചു ടീമുകളുടെ ട്രയൽസിനാണ് സജ്‌ന പങ്കെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇവരുടെ റഡാറിൽ സജ്‌നയെ എത്തിച്ചത്. പലരും പല രീതിയിലാണ് ട്രയൽസ് നടത്തിയത്. പക്ഷേ താരം സംതൃപ്തയായത് മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിലായിരുന്നു. ആഭ്യന്തര സീസൺ കഴിഞ്ഞതിന് പിന്നാലെ മുംബൈ വീണ്ടും ട്രയൽസിന് ക്ഷണിച്ചുവെന്നും ഇതോടെ പ്രതീക്ഷ വർദ്ധിച്ചു. ടീമിന്റെ ഭാഗാമായെങ്കിലും ആ ജഴ്‌സിയിൽ കളിക്കാൻ താരം കാത്തിരക്കുകയാണ്. ഇതിലൂടെ ദേശീയ ടീമിന്റെ നീല കുപ്പായമാണ് സജന സ്വപ്നം കാണുന്നത്.
പ്രൊഫഷണലായി ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമാണ് ഇന്ത്യൻ ടീമിന് വേണ്ടി ജഴ്‌സി അണിയുക എന്നത്. മുംബൈ ഇന്ത്യൻസിനായി കളിക്കുന്നതിലൂടെ ദേശീയ ടീമിലേക്കുള്ള വാതിൽ തുറക്കുമെന്നാണ് കരുതുന്നത്. മുംബൈ ഇന്ത്യൻസിൽ ഉൾപ്പെട്ടതിൽ വളരെ അധികം സന്തോഷമുണ്ട്. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനമാണ് ടീമുകൾ ട്രയൽസിലേക്ക് ക്ഷണിക്കാൻ കാരണം. സീനിയർ താരങ്ങൾ പറഞ്ഞാൽ ടീമിലിടം നേടാൻ കഴിയുമെന്നൊരു വിചാരം എനിക്കുണ്ടായിരുന്നു. എന്നാൽ കഴിവാണ് മാനദണ്ഡം എന്ന് ഞാൻ പിന്നീട് തിരച്ചറിഞ്ഞു. അങ്ങനെയാണ് ട്രയൽസിൽ പങ്കെടുക്കാനായി ടീമുകളുടെ വിളിവരുന്നത്. ട്രയൽസിന് ചെല്ലുമ്പോൾ അത് മറ്റൊരു ലോകമാണ്. ട്രയൽസിലെ പ്രകടനം നോക്കിയാണ് ടീമുകൾ താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും സജ്ന ജനം ടിവിയോട് പറഞ്ഞു. എന്താണോ ആഗ്രഹിക്കുന്നത് എന്തിന് വേണ്ടിയാണോ പരിശ്രമിക്കുന്നത് അത് തുടരും. 28-ാമതെ വയസിലാണ് ഞാൻ ആദ്യമായി മേജർ ടൂർണമെന്റിന് ഇറങ്ങുന്നത്. തോൽവിയിൽ നിന്ന് പഠിച്ച് വിജയം കൈവരിക്കാൻ നോക്കുകയാണെന്നും വ്യക്തമാക്കി. സച്ചിൻ തെണ്ടുൽക്കറിന്റെയും ബ്രണ്ടൻ മക്കല്ലെത്തിന്റെയും മൈക്ക് ഹസിയുടെ ഹർമൻപ്രീത് കൗറിന്റെയും മിതാലി രാജിന്റെയും ജമീമ റോഡ്രിഗ്സിന്റെയും ആരാധികയാണ് സജ്‌ന.
ചെറുപ്പത്തിൽ അനിയൻ സച്ചിനും കസിൻസിനും ഒപ്പമായിരുന്നു കായിക വിനോദങ്ങളെല്ലാം. ഹയർസെക്കൻഡറി പഠനത്തിനായി മാനന്തവാടി ഗവൺമെന്റ് സ്‌കൂളിൽ എത്തിയതോടെയാണ് സജ്‌നയുടെ തലവര തന്നെ മാറുന്നത്.
അത്‌ലറ്റിക്സിലും ഫുട്ബോളിലും മികവ് പുലർത്തിയ സജ്‌ന പ്ലസ് ടുവിലാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. അത്ലറ്റിക്സിൽ സംസ്ഥാന സ്‌കൂൾ മീറ്റിൽ ജാവലിൻത്രോയിൽ നാലാംസ്ഥാനം നേടിയപ്പോൾ ഫുട്ബോളിൽ കേരള സീനിയർ ടീം ജഴ്സിയണിഞ്ഞു. മിന്നു മണിയിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാദ്ധ്യാപികയായ എത്സമ്മയാണ് സജ്‌നയുടെ തലവരയും മാറ്റിയത്.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ഇഷ്ടവും എൽസമ്മ ടീച്ചറിന്റെ പ്രോത്സാഹനവും ചെന്നെത്തിച്ചത് കേരള ക്രിക്കറ്റ് അസോസിഷൻ തിരുവനന്തപുരത്ത് നടത്തിയ ഓപ്പൺ സെലക്ഷൻ ട്രയൽസിലേക്കായിരുന്നു. എന്നാൽ അന്ന് നിരാശയായിരുന്നു ഫലം. പക്ഷേ തോറ്റു പിന്മാറാൻ അവൾ ഒരുക്കമായിരുന്നില്ല. അടുത്ത വർഷം അതേ സെലക്ഷനിലേക്ക്.. റിസർവ് താരമായി കേരള ടീമിൽ ഇടം പിടിച്ചു. ടീമിലെ സീനിയർ താരത്തിന് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ സജ്‌നയ്‌ക്ക് നറുക്ക് വീണു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ വിജയറൺ നേടിയതും സജ്‌നയാണ്. ബാറ്റിംഗിലും ബൗളിംഗിലും എല്ലാം അസാമാന്യ മികവ് പുലർത്തിയ സജ്‌നയ്‌ക്ക് ക്രിക്കറ്റിൽ ഏറ്റവും പ്രിയം ഫീൾഡിംഗാണ്.
മാനന്തവാടി ചൂട്ടക്കടവിൽ സജനാ നിവാസിൽ ഓട്ടോറിക്ഷ ഡ്രൈവറായ വി. സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലറായ ശാരദാ സജീവന്റെയും മകളായ സജ്‌ന വർഷങ്ങളായി വനിതാ ക്രിക്കറ്റിൽ സജീവമാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പൂർണ പിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. നിലവിൽ വനിതാ ക്രിക്കറ്റ് കേരള സീനിയർ ടീം അംഗമാണ് സജ്‌ന. കേരള അണ്ടർ 23 ക്രിക്കറ്റ് ടീം ക്യാപ്റ്റനായും സജ്‌ന തിളങ്ങിയിട്ടുണ്ട്. ബിസിസിഐ നടത്തിയ അണ്ടർ 23 ദേശീയ ടൂർണമെന്റിൽ കേരള വനിതാ ടീം ചാമ്പ്യന്മാരായത് സജ്‌നയുടെ നേതൃത്വത്തിലാണ്. ഹൈദരാബാദിൽ നടന്ന 2022-23 ഇന്ത്യൻ സൗത്ത് സോൺ സീനിയർ വുമൺസ് ടൂർണമെന്റിൽ സൗത്ത് സോൺ ക്യാപ്റ്റനും സജനയായിരുന്നു. ചലഞ്ചർ ട്രോഫി ടൂർണമെന്റ്, ഈ വർഷം നടന്ന സീനിയർ ഇന്റർസോൺ വനിതാ ക്രിക്കറ്റ് ടൂർണമെന്റ് എന്നിവയിലും സജ്‌ന പങ്കെടുത്തിരുന്നു.
03:32