ഇന്ത്യ-വിയറ്റ്‌നാം സംയുക്ത സൈനികാഭ്യാസത്തിന് ഹനോയിൽ തുടക്കം

Published by
Janam Web Desk

ഹനോയ് : ജോയിന്റ് മിലിട്ടറി എക്സർസൈസ് VINBAX-2023 ന്റെ നാലാം പതിപ്പിൽ പങ്കെടുക്കാൻ 45 പേർ അടങ്ങുന്ന ഇന്ത്യൻ സായുധസേനാ സംഘം വിയറ്റ്‌നാമിലെ ഹനോയിയിലെത്തി.2023 ഡിസംബർ 11 മുതൽ 21 വരെയാണ് ഹനോയിൽ സൈനികാഭ്യാസം നടക്കുന്നത്.

ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പിലെ എഞ്ചിനീയർ റെജിമെന്റിൽ നിന്നുള്ള 39 ഉദ്യോഗസ്ഥരും ആർമി മെഡിക്കൽ കോർപ്‌സിലെ ആറ് ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നു. വിയറ്റ്‌നാം പീപ്പിൾസ് ആർമി സംഘത്തെ പ്രതിനിധീകരിച്ച് 45 പേർ പങ്കെടുക്കും. 2018 ൽ മധ്യപ്രദേശിലെ ജബൽപൂരിലാണ് വിയറ്റ്നാമും ഒത്തുള്ള ആദ്യ സൈനികാഭ്യാസം നടന്നത്,അവസാന സൈനികാഭ്യാസം 2022 ൽ ഹരിയാനയിലെ ചാന്ദ്മീരിലെ മിലിട്ടറി സ്റ്റേഷനിലായിരുന്നു. സമാധാന സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിന്റെ ഏഴാം അദ്ധ്യായ പ്രകാരം സഹകരണ പങ്കാളിത്തം വളർത്തുക, പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യങ്ങൾ.

റോഡുകൾ, കലുങ്കുകൾ, ഹെലിപാഡുകൾ, വെടിമരുന്ന് ഷെൽട്ടറുകൾ, പ്രവർത്തന മേഖലകളിൽ നിരീക്ഷണ പോസ്റ്റുകൾ തുടങ്ങിയ അവശ്യ സൈനിക അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇരു സൈന്യങ്ങളും പങ്കു വയ്‌ക്കും. പ്രതിരോധ മേഖലയിൽ ഇരു സേനകൾക്കും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തിലൂടെ സാധിക്കും. അന്താരാഷ്‌ട്ര സമാധാനം വർദ്ധിപ്പിക്കുക എന്ന ഐക്യരാഷ്‌ട്ര സഭയുടെ ലക്ഷ്യത്തിന് സംയുക്ത സൈനികാഭ്യാസം സഹായകരമാകും എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Share
Leave a Comment