ന്യൂ ഡൽഹി: എസ്എഫ്‌ഐ ഗുണ്ടകൾ ഗവർണറുടെ കാർ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതി രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ഗവർണർക്കെതിരായ എസ്എഫ്ഐ അതിക്രമത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. സുരക്ഷാവീഴ്ചയ്‌ക്ക് കേരള സർക്കാർ സമാധാനം പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
“സംസ്ഥാനത്തിന്റെ ഭരണത്തലവനെ അപായപ്പെടുത്താൻ എസ്എഫ്ഐ ക്രിമിനലുകളെ പിണറായി വിജയൻ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നറിയണം.എസ്എഫ്ഐക്കാർക്ക് വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ് തന്നെയെന്ന് ഉറപ്പെന്നും വി. മുരളീധരൻ പ്രതികരിച്ചു”.
ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കാത്തതിന്റെ കലിയാണ് സിപിഎം ശ്രീ.ആരിഫ് മുഹമ്മദ് ഖാനോട് തീർക്കുന്നത് എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
രാജ്ഭവനിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു എസ് എഫ് ഐ ക്രിമിനൽ സംഘം കേരളാ ഗവർണ്ണറെ ആക്രമിച്ചത് സംഭവം. കാർ തടഞ്ഞുനിർത്തിയ അക്രമികൾ കാറിന്റെ ചില്ല് ഇടിച്ച് തകർക്കാൻ ശ്രമിച്ചു.എന്നാൽ വാഹനം നിർത്തി പുറത്തിറങ്ങിയ ഗവർണർ പോലീസ് ഉദ്യോഗസ്ഥരോട് ഇതാണോ സുരക്ഷയെന്ന് ചോദിച്ചു. തന്നെ കായികമായി നേരിടാൻ എസ്എഫ്‌ഐ ഗുണ്ടകൾ ശ്രമിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തതായും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരായ ആക്രമണമെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അയ്യങ്കാളി ഹാളിന് സമീപത്തുണ്ടായിരുന്ന പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്‌ഐ ഗുണ്ടാസംഘം ഗവർണറിന്റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തത്.















