തിരുവനന്തപുരം: ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐ ക്രിമിനലുകൾക്ക് പോലീസ് ഒത്താശ ചെയ്തെന്ന ആരോപണങ്ങൾക്കിടെ മുഖം രക്ഷിക്കാൻ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രതിഷേധം നേരത്തെ അറിഞ്ഞിട്ടും പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്ത് കൊടുത്തെന്നും സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചവന്നെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ മുഖം രക്ഷിക്കൽ നടപടി. ഇതുമായി ബന്ധപ്പെട്ട 19 എസ്എഫ്ഐ ഗുണ്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജ്ഭവനിൽ നിന്നും എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപായപ്പെടുത്താൻ എസ്എഫ്ഐ ഗുണ്ടകൾ ശ്രമിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് ഗവർണറുടെ വാഹനം അടിച്ച് തകർക്കാൻ ശ്രമിച്ച ഏഴു പേരെയും ജനറൽ ആശുപത്രിക്ക് സമീപം പ്രതിഷേധിച്ച ഏഴു പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ്എഫ്ഐ ഗുണ്ടകൾ തന്നെ കായികമായി നേരിടാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ ഗുണ്ടകളെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചു.