പത്തനംതിട്ട: സന്നിധാനത്തേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തിയതോടെ പമ്പയിൽ നാമജപ പ്രതിഷേധം നടത്തി ഭക്തർ. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാനനപാതയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതോടെയാണ് ഭക്തർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കാനന പതായിൽ ദാഹജലം പോലും കിട്ടാതെയാണ് ഭക്തർ കുടുങ്ങിക്കിടക്കുന്നത്. പലയിടത്തും പോലീസുമായി വാക്കുതർക്കമുണ്ടായി. നിലയ്‌ക്കലിലെ അവസ്ഥയും വ്യത്യസ്ഥമല്ല. രാത്രിയിലും കുട്ടികൾ അടക്കമുള്ള അയ്യപ്പന്മാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലടക്കം കാത്തുനിൽക്കുകയാണ്.
സന്നിധാനത്തെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് തിരക്ക് രൂക്ഷമാകാൻ കാരണം. പോലീസ് ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ദേവസ്വംബോർഡ് സംവിധാനങ്ങളും അപര്യാപ്തമാണെന്നും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. എന്നാൽ യോഗങ്ങൾ ചേർന്നതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഇതുവരെ ഉണ്ടായില്ല.