ഭോപ്പാൽ; മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. സർക്കാരിനെ ശരിയായ ദിശയിൽ നയിക്കുന്നതിനും മുന്നോട്ട് കൊണ്ടു പോകാനും ശിവരാജ് സിംഗ് ചൗഹാന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് മോഹൻ യാദവ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തിയാണ് മോഹൻ യാദവ് സന്ദർശിച്ചത്.
വികസന പ്രവർത്തനങ്ങൾ എല്ലാവരും ഒരുമിച്ച് നിന്ന് മുന്നോട്ട് കൊണ്ടു പോകുമെന്ന്, കഴിഞ്ഞ ചൗഹാൻ മന്ത്രിസഭയിലെ അംഗം കൂടിയായ മോഹൻ യാദവ് വ്യക്തമാക്കി. ; ശിവരാജ് ജിയുടെ സർക്കാരിലെ ടൂറിസം വകുപ്പിലും, വിദ്യാഭ്യാസ വകുപ്പിലും പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് നിലവിൽ നടത്തി വരികയായിരുന്ന വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകും. സംസ്ഥാനത്തിന്റെ വികസനത്തിന് തന്നെയായിരിക്കും മുൻഗണന നൽകുന്നതെന്നും” അദ്ദേഹം പറഞ്ഞു.
സംസ്ഥാനം വികസനം ആവശ്യപ്പെട്ടപ്പോൾ, ശിവരാജ് സിംഗ് ചൗഹാൻ മികച്ച നിർദ്ദേശങ്ങൾ നൽകി അതിനെ മുന്നോട്ട് കൊണ്ട് പോയി എന്നും മോഹൻ യാദവ് പറയുന്നു. സൗഹാർദ്ദപരമായ അധികാര കൈമാറ്റത്തിന്റെ മാതൃകയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യാദവിന് സംസ്ഥാനത്ത് കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കുമെന്നും, അദ്ദേഹത്തിന്റെ കഴിവിൽ അങ്ങേയറ്റം വിശ്വാസം ഉണ്ടെന്നുമാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. പാർട്ടി തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നേരിടുമ്പോഴും, സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരേയും ഉയർത്തിക്കാട്ടിയിരുന്നില്ല.