ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കുറിച്ച് പ്രണബ് മുഖർജിക്ക് ഉണ്ടായിരുന്ന അഭിപ്രായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൾ ശർമ്മിഷ്ഠ മുഖർജി. 2013ൽ അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസിനെതിരെ രാഹുൽ പ്രതികരിച്ച രീതി അങ്ങേയറ്റം അപക്വമാണെന്ന് പിതാവ് പറഞ്ഞിരുന്നുവെന്നും ശർമ്മിഷ്ഠ പറയുന്നു. ‘പ്രണബ് മൈ ഫാദർ: എ ഡോട്ടർ റിമെംബേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശർമ്മിഷ്ഠ മുഖർജി.
രണ്ട് വർഷമോ അതിലധികമോ തടവിന് ശിക്ഷിക്കപ്പെട്ട എംപിമാരേയും എംഎൽഎമാരേയും അയോഗ്യരാക്കാനുള്ള നിയമത്തെ മറികടക്കാനുള്ള ഓർഡിനൻസ് 2013 ഏപ്രിലിൽ അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ സ്വന്തം പാർട്ടിയുടെ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി അന്ന് പരസ്യമായി രംഗത്ത് വന്നു. പൂർണ അസംബന്ധമെന്നാണ് അന്ന് രാഹുൽ ഇതിനെ വിശേഷിപ്പിച്ചത്. ഈ ഓർഡിനൻസ് കീറി എറിയണമെന്ന് ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി അന്ന് നടന്ന പത്രസമ്മേളനത്തിൽ അത് കീറി എറിയുകയും ചെയ്തിരുന്നു.
കോൺഗ്രസിന്റെ ആ ഓർഡിനൻസിനെ തന്റെ പിതാവ് അനുകൂലിച്ചിരുന്നില്ലെന്നും, എന്നാലന്ന് പത്രസമ്മേളനത്തിൽ രാഹുൽ നടത്തിയ പ്രകടനം പ്രണബ് മുഖർജിയെ അങ്ങേയറ്റം രോഷാകുലനാക്കിയെന്നുമാണ് ശർ്മ്മിഷ്ഠ പറയുന്നത്. ” രാഹുൽ പത്രസമ്മേളനത്തിൽ വച്ച് ഓർഡിനൻസ് കീറിയെറിഞ്ഞെന്ന കാര്യം ഞാൻ ആണ് അന്ന് അച്ഛനെ അറിയിക്കുന്നത്. വിവരമറിഞ്ഞ അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു. ഒരു ഓർഡിനൻസ് ചവറ്റുകൂനയിൽ ഇടുന്നത് അങ്ങേയറ്റം ധിക്കാരപരവും രാഷ്‌ട്രീയ പക്വത ഇല്ലാത്ത തീരുമാനവും ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
അച്ഛനും ഈ ഓർഡിനൻസിന് എതിരായിരുന്നു. എന്നാൽ രാഹുൽ ചെയ്ത പ്രവർത്തി അച്ഛനെ അങ്ങേയറ്റം ചൊടിപ്പിച്ചു. ഇങ്ങനെ എല്ലാം ചെയ്യാൻ രാഹുൽ ആരാണെന്നും എന്ത് അധികാരം ഉണ്ടെന്നുമാണ് അദ്ദേഹം അന്ന് ചോദിച്ചത്. മന്ത്രിസഭയുടെ പോലും ഭാഗമല്ലാത്ത രാഹുൽ ഇത്തരമൊരു കാര്യം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അച്ഛൻ പറഞ്ഞിരുന്നതായി” ശർമ്മിഷ്ഠ വ്യക്തമാക്കി.















