ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ ഗവർണർ നടുറോഡിൽ ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിനിരയായത് കേരളത്തിലെ ക്രമസമാധാന നിലയുടെ നിലവിലുള്ള സാഹചര്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് ഗവർണർക്കെതിരെ ഉണ്ടായതെന്നും പോലീസിനെ ഉപയോഗിച്ച് കൊണ്ട് ആക്രമണത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളഹൗസിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഭരണമുന്നണി ഒരുക്കി കൊടുക്കുന്നു. സർക്കാരിന്റെ അഴിമതിക്കെതിരെ, സ്വജനപക്ഷപാതത്തിനെതിരെ നിർഭയമായും നിഷ്പക്ഷമായും നിയമം അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിരട്ടിയൊടിക്കാൻ, അദ്ദേഹത്തെ ശാരീരികമായി അക്രമിക്കാനായി മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്. അദ്ദേഹത്തിന്റെ നിഷ്പക്ഷത അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ നിന്ന് വ്യക്തമാണ്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ സിപിഎമ്മിന്റെ ഗുണ്ടാ രാജിനെതിരെ പരസ്യമായി രംഗത്ത് ഇറങ്ങേണ്ടി വരും. ഈ സാഹചര്യം കേരളത്തെ ഏത് സ്ഥിതിയിലേക്ക് തള്ളിവിടുമെന്ന് എന്നുള്ളത് സംസ്ഥാനത്തെ ഭരണത്തിന് നേതൃത്വം നൽകുന്നവർ ഓർക്കണം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവർ ഇരിക്കുന്ന പദവിക്ക് ചേരുന്നതാണോയെന്നും അവർ പരിശോധിക്കണം. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ഗവർണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കാണെന്നും മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.