ചെന്നൈ: ചെന്നൈയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫോർമുല 4 കാർ റേസ് നടത്തരുതെന്നാവശ്യപ്പെട്ടുള്ള കേസിൽ വിധിപറയുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചു. ഇനി കേസ് എന്ന് പരിഗണിക്കുമെന്നു തീയതി കോടതി വ്യക്തമാക്കിയിട്ടില്ല.ഇതോടെ ചെന്നൈയിലെ ഫോർമുല-4 നൈറ്റ് സ്ട്രീറ്റ് റേസിന്റെ വിധി തുലാസിൽ തൂങ്ങി.
കേസിൽ ഉത്തരവുകൾ പ്രഖ്യാപിക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ജോലിയും ചെയ്യരുതന്നും വിധി വരും വരെ കാത്തിരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സരത്തെ സുരക്ഷാ കാരണങ്ങളാൽ എതിർക്കുന്ന ഒരു കൂട്ടം പൊതുതാൽപ്പര്യ റിട്ട് ഹർജികളിൽ ഉത്തരവുകൾ പ്രഖ്യാപിക്കുന്നത് ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാറ്റിവക്കുകയായിരുന്നു.
ഇന്നലെയും ഇന്നുമായിട്ടായിരുന്നു ചെന്നൈയിലെ ഈ കാർ റേസ് നടക്കേണ്ടിരുന്നത്. എന്നാൽ ഈ മത്സരം നിയമപരമായി നിലനിൽക്കാത്തതും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. 242 കോടി രൂപ ചെലവഴിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നത് പൊതു ജനശ്രദ്ധ നേടാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും ഇത് സംസ്ഥാന ഖജനാവിന് ഭാരം മാത്രമാണെന്നും ഹർജിക്കാരൻ വാദിച്ചു.
അണ്ണാ ശാലൈ, കാമരാജർ ശാലൈ, ഫ്‌ളാഗ് സ്റ്റാഫ് റോഡ്, ശിവാനന്ദ ശാലൈ തുടങ്ങിയ പ്രധാന റോഡുകൾ ഉൾപ്പെടുന്ന പരിപാടി നഗരത്തിന്റെ ഹൃദയഭാഗത്ത് നടത്താനിരുന്നതിനാൽ ഇത് ഗതാഗതത്തെ ബാധിക്കുമെന്നും ഇത് കാരണം നഗരത്തിന്റെ തെക്കൻ ഭാഗങ്ങൾ വടക്കൻ ഭാഗങ്ങളിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെടുമെന്നും ഹർജിക്കാരൻ വാദിച്ചു.
കൂടാതെ കരസേനയുടെ കമാൻഡിംഗ് ഓഫീസറുടെ ഓഫീസും , ദക്ഷിണ് ഭാരത് ഏരിയയും ഈ പ്രദേശത്തുണ്ടെന്നും അതിനാൽ, ഈ മത്സരം നടത്തുന്നത് സൈന്യത്തിന്റെയും അവരുടെ വ്യോമമേഖലയുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വർഷം ആദ്യം ഹൈദരാബാദിൽ നടന്ന സമാനമായ മത്സരം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി സംഘാടകർ വാദിച്ചു. സ്പോൺസർഷിപ്പുകൾ, ടിക്കറ്റ് വിൽപ്പന, സംപ്രേഷണാവകാശം എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം വഴിയും സംസ്ഥാനത്തിന് വരുമാനം ലഭിക്കുമെന്ന് അറിയിച്ചു.
അതേ സമയം തന്നെ നഗരത്തിലുണ്ടായ ചുഴലിക്കാറ്റ് കണക്കിലെടുത്ത് കായിക പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി തമിഴ്‌നാട് സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതോടൊപ്പം മൽസരം നടത്തുന്നതിനുള്ള 80 ശതമാനം ജോലികളും പൂർത്തിയായെന്നും ടിക്കറ്റ് വിൽപന ആരംഭിച്ചതായും അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം ഡിസംബർ ആറിന് കോടതിയെ അറിയിച്ചു.
ഡിഎംകെ സർക്കാർ പ്രളയകാലത്ത് ഫോർമുല 4 റേസിംഗ് ചാമ്പ്യൻഷിപ്പുകൾ നടത്താൻ തുനിയുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്.