ന്യൂ ഡൽഹി: നാളുകളായി തുടരുന്ന വിവാഹമോചന കേസിൽ മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഒമർ അബ്ദുള്ളക്ക് തിരിച്ചടി. ഭാര്യ പായൽ അബ്ദുള്ളയിൽ നിന്ന് ഒമർ അബ്ദുള്ളയ്ക്ക് വിവാഹമോചനം അനുവദിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.

വേർപിരിഞ്ഞ ഭാര്യ പായൽ അബ്ദുള്ളയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. നേരത്തെ 2016 ഓഗസ്റ്റ് 30-ന് ഇദ്ദേഹത്തിന്റെ വിവാഹമോചന ഹർജി കുടുംബകോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഒമർ അബ്ദുള്ള സമർപ്പിച്ച ഹർജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ,ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
ഒമർ അബ്ദുള്ളയും പായൽ അബ്ദുള്ളയും 1994 സെപ്റ്റംബർ 01 നാണ് വിവാഹിതരായത്. 2009 മുതൽ അവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അവർക്ക് രണ്ട് ആൺമക്കളുണ്ട്.

ഒമർ അബ്ദുള്ളയ്ക്ക് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി കുടുംബകോടതി ഉത്തരവിൽ അപാകതയൊന്നും അപാകതയൊന്നും കാണുന്നില്ലെന്നു പറഞ്ഞു. പായൽ അബ്ദുള്ള ക്രൂരമായി പെരുമാറുന്നു എന്ന് കാട്ടി ഒമർ അബ്ദുള്ള നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. പായൽ അബ്ദുള്ളയുടെ ശാരീരികമോ മാനസികമോ ആയ ഒരു ക്രൂരകൃത്യവും ഒമർ അബ്ദുള്ളക്ക് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു .
തന്റെ ദാമ്പത്യബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 2007 മുതൽ താൻ ദാമ്പത്യബന്ധം ആസ്വദിച്ചിട്ടില്ലെന്നും ഒമർ അബ്ദുള്ള കോടതിയിൽ അവകാശപ്പെട്ടു.
എന്നാൽ സെപ്റ്റംബറിൽ പായൽ അബ്ദുള്ളയ്‌ക്ക് നൽകേണ്ട മാസ തുക 75000 ത്തിൽ നിന്നും 1,50,000 ആക്കി വർധിപ്പിച്ച് സിംഗിൾ ജഡ്ജി ഉത്തരവിട്ടിരുന്നു. കൂടാതെ രണ്ട് ആൺമക്കൾക്കും അവരുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 60,000 രൂപ നൽകണം എന്നും നിർദേശമുണ്ടായിരുന്നു.

ഡൽഹിയിലെ ഒബ്‌റോയ് ഹോട്ടലിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഒമറും പായലും പരിചയപ്പെടുന്നത്. അക്കാലത്ത് അതേ ഹോട്ടൽ ശൃംഖലയിലെ യുവ മാർക്കറ്റിംഗ് പ്രൊഫഷണലായിരുന്നു ഒമർ. 1994 സെപ്തംബർ 1 ന് അവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി, സാഹിർ, സമീർ എന്നീ രണ്ട് ആൺ കുട്ടികൾ അവർക്കുണ്ട്.
പാകിസ്ഥാനിലെ ലാഹോറിൽ കുടുംബവേരുകളുള്ള ഡൽഹി സ്വദേശിയാണ് പായൽ. അവളുടെ പിതാവ് മേജർ ജനറൽ രാംനാഥ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 2011 സെപ്റ്റംബറിൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പായൽ അബ്ദുള്ളയിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ കോടതി നടപടികൾ ആരംഭിക്കുന്നത്. ഒമർ പുനർവിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും ഒരു ടെലിവിഷൻ അവതാരകയുമായുള്ള അടുപ്പം പായലുമായുള്ള ബന്ധത്തിൽ പ്രശ്‌നങ്ങൾക്ക് കാരണമായെന്നും ഉള്ള ഊഹാപോഹങ്ങൾ പരന്നിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം, 2012 ൽ ഒമർ അബ്ദുള്ള പായൽ അബ്ദുള്ളയിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി. വിവാഹജീവിതത്തിലെ ക്രൂരതയാണ് കാരണമായി പറഞ്ഞത്. 2016-ൽ ഒരു ട്രയൽ കോടതി ഒമർ അബ്ദുള്ളയുടെ വിവാഹമോചന ഹർജി തള്ളിക്കളഞ്ഞു.
1999ൽ ജമ്മു കശ്മീരിൽ നിന്നുള്ള എംപിയായിരിക്കെ നഗരവികസന മന്ത്രാലയം ഒമർ അബ്ദുള്ളയ്‌ക്ക് 7, അക്ബർ റോഡിലുള്ള ബംഗ്ലാവ് ആദ്യമായി അനുവദിച്ചിരുന്നു. 2009ൽ മുഖ്യമന്ത്രിയായപ്പോൾ ആ വീട് അദ്ദേഹം നിലനിർത്തി.എന്നാൽ 2005ൽ മുഖ്യമന്ത്രിപദം അവസാനിച്ചതോടെ വീട്ടിൽ താമസിക്കാൻ അദ്ദേഹത്തിന് അവകാശമില്ലാതായി. എങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം അവിടെ തുടർന്നു. ഒടുവിൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പായൽ അബ്ദുള്ള ലുട്ടിയൻസ് ബംഗ്ലാവിൽ താമസം തുടരുകയും അത് ഒഴിയാൻ വിസമ്മതിക്കുകയും ചെയ്തു. പിന്നീട് ജമ്മു കശ്മീർ ഗവൺമെന്റിന്റെ എസ്റ്റേറ്റ് ഓഫീസർ 2016 ജൂണിൽ പായൽ അബ്ദുള്ളയ്‌ക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. 2016 ജൂലൈയിൽ പുറത്താക്കൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പായൽ ഡൽഹി കോടതിയെ സമീപിച്ചു. പ്രസ്തുത സ്വത്ത് തന്റെ ഭർത്താവിന് കേന്ദ്ര സർക്കാർ അനുവദിച്ചതാണെന്നും കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ ജമ്മു കശ്മീർ സർക്കാരിന്റെ എസ്റ്റേറ്റ് ഓഫീസർക്ക് അവകാശമില്ലെന്നും അവർ വാദിച്ചു.

എന്നാൽ തനിക്കും രണ്ട് ആൺമക്കൾക്കും യഥാക്രമം ‘Z’ സുരക്ഷയും Z + കാറ്റഗറിസുരക്ഷയും ഉണ്ടെന്നും ഒരു ചെറിയ അപ്പാർട്ട്മെന്റിൽ തന്നെയും മക്കളെയും സംരക്ഷിക്കാൻ 100 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് അസാധ്യമാണെന്നും അവർ വാദിച്ചു.2016 ഓഗസ്റ്റ് 17ന് അക്ബർ റോഡ് ബംഗ്ലാവ് ഒഴിയാൻ ഡൽഹി ഹൈക്കോടതി പായൽ അബ്ദുള്ളയോട് ഉത്തരവിട്ടു . പ്രസ്തുത ബംഗ്ലാവ് ജമ്മു കശ്മീർ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് കോടതി വ്യക്തമാക്കി. പായലിന് ഭീഷണിയില്ലെന്നും അബ്ദുള്ള കുടുംബത്തിലെ അംഗമായതിനാൽ പൊതുവെയുള്ള ഭീഷണിയുടെ ഫലമായാണ് സംരക്ഷണം നൽകിയതെന്നും കേന്ദ്രം കോടതിയിൽ റിപ്പോർട്ട് ചെയ്തു.. ജമ്മു കശ്മീരിലെ പോലെ സുരക്ഷാ ഭീഷണി ഡൽഹിയിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.അവരെ സർക്കാർ കെട്ടിടത്തിൽ നിന്നും ആ വർഷം ഓഗസ്റ്റ് 23 ന് പുറത്താക്കി . പായലിനും മക്കൾക്കും സർക്കാർ സുരക്ഷ തുടരുമെന്നും ഒഴിപ്പിക്കൽ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

സർക്കാർ വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം താനും മക്കളും ഭവനരഹിതരും പണമില്ലാത്തവരുമായി മാറിയെന്ന് വാദിച്ച് കുടിയൊഴിപ്പിക്കലിന് ശേഷം പായൽ അബ്ദുള്ള തന്റെ ഭർത്താവിൽ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് സിറ്റി കോടതിയെ സമീപിച്ചു. ഒമർ തനിക്ക് 10 ലക്ഷം രൂപയും മക്കൾക്ക് പ്രതിമാസം 5 ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ട് അവർ ഹർജി നൽകി. കുടിയൊഴിപ്പിക്കൽ തങ്ങളെ സുരക്ഷാ ഭീഷണികൾക്ക് ഇരയാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.വേർപിരിയാൻ തനിക്ക് ഒരിക്കലും താൽപ്പര്യമില്ലെന്നും 2013 മുതൽ ഒമർ തന്നെയും മക്കളെയും ഒമർ അവഗണിക്കുകയായിരുന്നെന്നും പായൽ ആരോപിച്ചു. 2018 ഏപ്രിൽ 26-ന് വിചാരണക്കോടതി പായൽ അബ്ദുള്ളയ്‌ക്ക് പ്രതിമാസം 75,000 രൂപയും അവരുടെ മക്കൾ 18 വയസ്സ് തികയുന്നതുവരെ 25,000 രൂപയും ജീവനാംശം നൽകണമെന്ന് വിധിക്കുകയായിരിക്കുന്നു. അതാണ് പിന്നീട് യഥാക്രമം ഒന്നരലക്ഷത്തിലേക്കും അറുപത്തിനായിരത്തിലേക്കും ഉയർത്തിയത്.
ഈ വിധിക്കെതിരെകൂടി ഒമർ അബ്ദുള്ള വീണ്ടും ഡൽഹി ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയത്.















