ന്യൂഡൽഹി: വായ്പാ കടങ്ങൾ എഴുതിത്തള്ളുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ റിസർവ് ബാങ്ക്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും പൊതുജനങ്ങൾ അതിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള വാർത്തകൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാനും നിർദ്ദേശം നൽകി. വായ്പകൾ എഴുതിത്തള്ളുന്നു എന്ന രീതിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർബിഐ ഉപഭോക്താക്കൾക്ക് മുന്നറയിപ്പ് നൽകിയത്.
വായ്പ എഴുതി തള്ളിയെന്നും അതിന്റെ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുമെന്ന തരത്തിലാണ് വാർത്തകളും പരസ്യങ്ങളും വരുന്നത്. ഇതിനായി ഏജൻസികൾ സർവീസ് ചാർജ് എന്ന പേരിൽ ആളുകളിൽ നിന്നും പണം ഈടാക്കുന്നുമുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നതിനായിട്ടാണ് ഏജൻസികൾ വ്യാജ പരസ്യങ്ങൾ നൽകുന്നതെന്ന് ആർബിഐ പറഞ്ഞു.
അധികാരമില്ലാത്ത വ്യാജസ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ള വാർത്തകൾ നൽകി ആളുകളെ പറ്റിക്കുന്നത്. കൂടാതെ വായ്പകൾ എഴുതിത്തള്ളി എന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകാനും ഈ സ്ഥാപനങ്ങൾക്ക് കഴിയില്ല. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടയ്‌ക്കേണ്ടതില്ലായെന്ന്് സർട്ടിഫിക്കറ്റിലൂടെ ഉറപ്പുനൽകി ആളുകളെ കബളിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.