സനാതന ധർമ്മത്തേയും യോഗയേയും പ്രണയിച്ച രണ്ട് പേർ ഒന്നാകുന്ന അപൂർവ്വ കാഴ്ചയ്‌ക്ക് കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രം സാക്ഷ്യം വഹിച്ചു. ചെക്കോസ്ലോവാക്യക്കാരിയായ റബേക്കയെന്ന മീരയും യോഗാദ്ധ്യാപകനായ സന്ദീപ് സെംവാളുമാണ് കഴിഞ്ഞ ദിവസം ഹൈന്ദവാചാര പ്രകാരം വിവാഹിതരായത്.
യൂറോപ്യൻ സംസ്കാരത്തിലാണ് റബേക്ക ജനിച്ച് വളർന്നതെങ്കിലും സനാതന ധർമ്മത്തെയും യോഗയേയും അടുത്തറിയാനുള്ള ആഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. 2018ലാണ് യുവതി യോഗാ പഠനത്തിനായി ഋഷികേശിലെ ഭാരത് മിലാപ് ആശ്രമത്തിൽ എത്തിയത്. സ്വാമി രാംകൃപാലുവിന്റെ ശിക്ഷണത്തിൽ സംസ്കൃതവും യോഗയും അഭ്യസിച്ചത്. തുടർന്ന് റബേക്കയുടെ ആവശ്യപ്രകാരം ഗുരുവാണ് മീര എന്ന് പേര് നൽകി ഹിന്ദു ധർമ്മത്തിലേക്ക് ആനയിച്ചത്.
ഇതിനിടയിൽ അതെ ആശ്രമത്തിൽ തന്നെയുള്ള യോഗാദ്ധ്യാപകനായിരുന്ന സന്ദീപും മീരയും പരസ്പരം ഇഷ്ടത്തിലായി. ഇരുവരുടേയും ഇഷ്ടം മനസിലാക്കിയ ഗുരു പരസ്പരം വിവാഹാലോചന നടത്തി. എന്നാൽ കൊറോണയും ഗുരുവിന്റെ മരണവും കാരണം ഇരുവർക്കും വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുപോയ അടുത്തിടെയാണ് മീര വിവാഹത്തിനായി വീണ്ടും ഭാരതത്തിൽ എത്തിയത്.
പതിനൊന്ന് വയസ് മുതൽ ഋഷികേശിലെ ഭാരത് മിലാപ് ആശ്രമത്തിലെ ഗുരു സ്വാമി രാംകൃപാലുവിൽ നിന്ന് സന്ദീപ് യോഗ അഭ്യസിക്കുന്നുണ്ട് . വിവാഹം എന്നത് രണ്ട് പേരുടെ മാത്രം കൂട്ടായ്മയല്ലെന്നും പവിത്രമായ ഒരു ബന്ധമാണെന്നും വിവാഹ ശേഷം മീര പറഞ്ഞു. സന്ദീപിന്റെ കുടുംബാഗംങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അപൂർവ്വ വിവാഹത്തിൽ സന്ദീപിന്റെ അച്ഛൻ മുരാരി സെംവാളും മാതൃസഹോദരൻ ഭൈരവ് ദത്ത് ജോഷിയും സന്തോഷം പ്രകടിപ്പിച്ചു.















