തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള അവഗണന സർക്കാർ അജണ്ടയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി. അയ്യപ്പഭക്തരെ വലയ്‌ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നവകേരള സദസിന് പിന്നാലെ നടക്കുന്നത് ഏകോപനത്തിൽ വീഴ്ചയുണ്ടാക്കി. ദേവസ്വം മന്ത്രിയ്‌ക്ക് അയ്യപ്പ ഭക്തരോട് ആത്മാർത്ഥതയില്ലെന്നും വിജി തമ്പി കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ 10.30-ന് ആരംഭിച്ച സെക്രട്ടറിയേറ്റ് ധർണയിൽ വിഎച്ച്പി ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. നിരവധി പേർ പങ്കെടുത്തു. ശബരിമല ദർശനത്തിനെത്തിയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമാണെന്നും അതിൽ നിന്നൊഴിഞ്ഞ് മാറാൻ കഴിയില്ലെന്നും വിഎച്ച്പി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശബരിമലയിൽ ഭക്തർ എത്താതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നതെന്നും വിഎച്ച്പി ആരോപിച്ചു.
അതേസമയം വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളമാണ് തീർത്ഥാടകർ കാത്തു കിടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം തീർത്ഥാടകർ ഇലവുങ്കലിൽ പ്രതിഷേധിച്ചു. ഇടത്താവളങ്ങളിലും റോഡുകളിലും മണിക്കൂറുകൾ കാത്തു കിടന്നാണ് നിലക്കൽ ബേസ് ക്യാമ്പിലേക്ക് ഭക്തർക്ക് എത്താൻ കഴിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തർ തളർന്നുവീഴുന്ന സാഹചര്യവുമുണ്ട്.















