ഇടുക്കി: ശബരിമലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗം നടത്തിയെന്നും സൂക്ഷ്മമായ വിലയിരുത്തലും നടപടിയും ഉണ്ടായിട്ടുണ്ടെന്നും തേക്കടിയിൽ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമാണെന്നും എന്തിനാണ് തീർത്ഥാടകർ ഒരുമിച്ച് വരുന്നതെന്നുമായിരുന്നു സംഭവത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം.
‘തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. ഏകോപനമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ശബരിമല വിഷയത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് പറയുന്നു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. ഞങ്ങളെ കൈകാര്യം ചെയ്യാൻ തീർത്ഥാടന കാലം ഉപയോഗിക്കരുത്. സർക്കാരിന്റെ ഭാഗത്ത് നിന്നു ആലോചനയും മുന്നൊരുക്കവും ഉണ്ടായില്ല എന്ന പ്രചരണം തെറ്റ്’.
‘യോഗങ്ങൾ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗം നടത്തി. ശബരിമല ഒരുക്കം മാസങ്ങൾക്ക് മുൻപേ തുടങ്ങി. അത് ആ രീതിയിൽ നടന്നിട്ടുണ്ട്. മന്ത്രിമാർ പ്രത്യക യോഗങ്ങളും നടത്തി. ആവശ്യമായ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നല്ല രീതിയിലാണ് ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ട്. തിരക്ക് സ്വാഭാവികമാണ്, ഒരു ആശങ്കയും തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ല’- മുഖ്യമന്ത്രി പറഞ്ഞു.