ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മയെ പ്രഖ്യാപിച്ചു. സംഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ജയ്പൂരിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഭജൻ ലാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്നു ഭജൻ ലാൽ. എബിവിപിയിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്.
വൈകിട്ട് നാലുമണിക്ക് ചേർന്ന യോഗത്തിൽ കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗ്, വിനോദ് താവ്‌ഡെ, സരോജ് പാണ്ഡെ എന്നിവർ പങ്കെടുത്തിരുന്നു. ആദ്യമായാണ് ഭജൻ ലാൽ നിയമസഭയിലെത്തുന്നത്.
രാജസ്ഥാനിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമായിരുന്നു ബിജെപി കരസ്ഥമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികളാണ് വിജയത്തിലേക്ക് നയിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതിയും സ്ത്രീകൾക്കെതിര നടന്ന അതിക്രമങ്ങളും കോൺഗ്രസിന്റെ തോൽവിക്ക് ആക്കം വർദ്ധിപ്പിച്ചു.















