മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച രണ്ട് കഥാപാത്രങ്ങളാണ് മീശമാധവനിലെ പിള്ളച്ചനും സരസുവും. ജഗതി ശ്രീകുമാറും ഗായത്രി വർഷയും അവതരിപ്പിച്ച കഥാപാത്രങ്ങൾ മറന്നു പോയ മലയാളികൾ ഉണ്ടാവില്ല. സിനിമയിലെ ഈ കഥാപാത്രങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അതിന് കാരണമായതാകട്ടെ നടി ഗായത്രിയുടെ വിചിത്രമായ പ്രസ്താവനയും. സ്ത്രീപക്ഷമായ കഥാപാത്രമാണ് സരസു എന്നാണ് താരം പറയുന്നത്.
‘നമ്മൾ നമ്മുടെ മനോഭാവം മാറ്റണം. മീശമാധവനിലെ സരസു എന്ന കഥാപാത്രം ഗ്രേറ്റായ ഒന്നാണ്. സ്ത്രീപക്ഷ വാദമുള്ള കഥാപാത്രമാണ് സരസു. സരസു നിൽക്കുന്നതെവിടെയാണ്. സരസുവിന്റെ ഭർത്താവ് പട്ടാളത്തിലാണ്. അവളുടെ ആവശ്യങ്ങൾക്കൊന്നും കൂടെ നിൽക്കാൻ ഭർത്താവിനെ കിട്ടുന്നില്ല. അപ്പോൾ കൂടെ നിൽക്കാൻ ഒരു പുരുഷൻ വന്നപ്പോൾ അയാളെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു സ്ത്രീ കാഴ്ചപ്പാടാണ് സരസുവിന്റേത്’.
‘സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രഖ്യാപനമാണ് സരസു. അവനവന്റെ ആവശ്യങ്ങളെ ധൈര്യപൂർവ്വം സ്വീകരിച്ച സ്ത്രീ കഥാപാത്രം. അവളെ ചേർത്തു നിർത്തിയ, അവളെ ഇഷ്ടപ്പെട്ട, പഞ്ചസാരയും മണ്ണെണ്ണയും പോലും കൊടുത്ത് കൂട്ടായി നിന്ന പിള്ളച്ചനെ ഏറ്റവും ബഹുമാന പൂർവ്വം സ്വീകരിച്ച സ്ത്രീയാണ് സരസു. അവളുടേത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്’- എന്നാണ് ഗായത്രി വർഷ പറഞ്ഞത്.















