ആലപ്പുഴ: നവകേരള സദസിനായി കുടുംബശ്രീയിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ പ്രവർത്തകർ 250 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുന്ന നെടുമുടിയിലെ സിഡിഎസ് ചെയർ പേഴ്സണിന്റെ ശബ്ദരേഖ പുറത്തുവന്നു. ഈ തുക ഇതുവരെ പിണറായി സർക്കാർ നൽകിയ സബ്സിഡികളുടെ പലിശയായി കാണണമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
വരുന്ന 15 ന് നെടുമുടിയിലെ പൂപ്പള്ളിയിലാണ് നവകേരളസദസ് നടക്കുന്നത്. ചടങ്ങിന്റെ ചിലവിലേയ്‌ക്ക് ഓരോ കുടുംബശ്രീ അംഗങ്ങളും 250 രൂപ നൽകണം. ഏതെങ്കിലും കുടുംബശ്രീ അംഗങ്ങൾ തുക നൽകാൻ വിസമ്മതിക്കുകയാണെങ്കിൽ കൊറോണ സബ്‌സിഡി കൈപ്പറ്റിയതിന്റെ പലിശയിനത്തിൽ നിന്ന് നൽകണം. എല്ലാവരും തുക നിർബന്ധമായും നൽകണമെന്നും സിഡിഎസ് ചെയർപേഴ്‌സൺ വാട്സ്ആപ്പ് ഗ്രൂപ്പിലയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
കുട്ടനാട്ടിലെ ഓരോ സിഡിഎസിന്റെയും കീഴിൽ നിരവധി കുടുംബശ്രീകളുണ്ട്. എല്ലാ അംഗങ്ങളിർ നിന്നുമായി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കാനാണ് സിപിഎം പ്രവർത്തകർ നേതൃത്വം നൽകുന്ന പ്രദേശിക സമിതി ലക്ഷ്യമിടുന്നത്.















