മനില : ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ സംഘർഷം കനക്കുന്നു. ഞായറാഴ്ച ഒരു ഫിലിപ്പീൻസ് ബോട്ടും ഒരു ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ചു. ഇതിനു തൊട്ടു മുൻപ് ഫിലിപ്പിനോ മത്സ്യത്തൊഴിലാളികൾക്ക് സാധനങ്ങൾ എത്തിക്കുന്ന മൂന്ന് സർക്കാർ ബോട്ടുകളെ തടസ്സപ്പെടുത്താൻ ചൈനീസ് കോസ്റ്റ് ഗാർഡ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. ഫിലിപ്പീൻസ് ഈ ആരോപണമുന്നയിച്ചതിനു ഒരു ദിവസത്തിന് ശേഷമുണ്ടായ അപകടം ഈ മേഖലയിൽ സംഘർഷം വര്ധിപ്പിക്കുന്നുണ്ട്.
ഇതേതുടർന്ന് ദക്ഷിണ ചൈനാ കടൽ സംഘർഷത്തിൽ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായി ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഫിലിപ്പീൻസ് കപ്പലുകൾക്കെതിരായ നിയമവിരുദ്ധ നടപടികളിൽ നിന്നും അപകടകരമായ കുതന്ത്രങ്ങളിൽ നിന്നും പിന്മാറാനും കപ്പലുകൾക്ക് നിർദ്ദേശം നൽകാനും മന്ത്രാലയം ചൈനയോട് ആവശ്യപ്പെട്ടു. ഫിലിപ്പീൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലെ ചൈനീസ് കപ്പലുകളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും നാവിഗേഷൻ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതുമാണെന്ന് മന്ത്രാലയം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സാധനങ്ങൾ എത്തിക്കുന്ന മൂന്ന് ഫിഷറീസ് ബ്യൂറോ കപ്പലുകൾക്ക് നേരെ ചൈന ജലപീരങ്കി പ്രയോഗിച്ചതിലും പ്രതിഷേധം രേഖപ്പെടുത്തി.
എന്നാൽ ഫിലിപ്പീന്സിന്റെ സ്വതന്ത്ര പരമാധികാരത്തെ ഹനിക്കുന്ന രീതിയിൽ ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസിനെതിരെ നടന്ന സംഭവങ്ങളിൽ ചൈനയെ യുകെ അപലപിച്ചു. ദക്ഷിണ ചൈനാ കടലിലെ ‘അപകടകരമായ’ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് അമേരിക്കയും ബീജിംഗിനോട് ആവശ്യപ്പെട്ടു.
ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കടൽത്തീരം പങ്കുവെക്കുന്ന ദക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങൾ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ ചൈനയുടെ ഈ വിപുലമായ അവകാശവാദങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനമില്ലെന്ന് 2016-ൽ പെർമനന്റ് കോടതി ഓഫ് ആർബിട്രേഷൻ വിധിച്ചിരുന്നു.















