എറണാകുളം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. സർക്കാർ നൽകേണ്ട കുടിശിക മുടങ്ങിയതോടെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹന കരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. നൽകാനുള്ള കുടിശിക തീർക്കാതെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വാഹനങ്ങൾ നിരത്തിലിറക്കില്ലെന്ന് കരാറുകാർ അറിയിച്ചു.
100 കോടി രൂപ കുടിശികയായി സപ്ലൈകോ നൽകാനുണ്ടെന്നാണ് കരാറുകാരുടെ പരാതി. സാധനങ്ങൾ എത്തിച്ചു നൽകിയതിൽ കിട്ടേണ്ടതായ തുകയുടെ 90 ശതമാനവും സെപ്റ്റംബർ മാസം മുതൽ മുടങ്ങി കിടക്കുകയാണ്. തുക ഉടൻ അനുവദിക്കുക, ഓരോ മാസത്തെയും റേഷൻ ട്രാൻസ്പോർട്ട് ബില്ല് നൽകിയാൻ തുക ഉടൻ നൽകുക, ചുമട്ടുതൊഴിലാളി ക്ഷേമവിഹിതം സപ്ലൈക്കോ നേരിട്ട് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ അടയ്ക്കണം, കാലങ്ങളായി സപ്ലൈക്കോ പിടിച്ചുവച്ചിരിക്കുന്ന 10 ശതമാനം തുക ഓഡിറ്റ് പൂർത്തിയാക്കി എത്രയും പെട്ടന്ന് കരാറുകാർക്ക് നൽകണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരാറുകാർ സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെൻട്രൽ വെയർ ഹൗസിനു മുന്നിൽ നിർത്തിട്ടിയിരിക്കുന്ന ചരക്കു വാഹനങ്ങൾ നിരത്തിലിറക്കില്ലെന്നും കരാറുകാർ പറഞ്ഞു.