ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെ എവിടെയാണെന്ന് അറിയാമോ? അത് യൂറോപ്പിലോ അല്ലെങ്കിൽ യുഎസിലോ അല്ല. അത് നമ്മുടെ സ്വന്തം ഭാരതത്തിലാണ്.ഗുജറാത്തിലെ വഡോദരയിൽ സ്ഥിതി ചെയ്യുന്ന ലക്ഷമി വിലാസ് പാലസാണ് ആരെയും അമ്പരപ്പിക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള അത്ഭുത നിര്‍മിതി.
ബറോഡ രാജവംശത്തിൽപ്പെട്ട മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് കൊട്ടാരം നിർമ്മിച്ചത്. 1890കളിൽ മറാത്ത സാമ്രാജ്യവും പടിഞ്ഞാറൻ ഇന്ത്യയിലെ ബറോഡ രാജവംശവും ഭരിച്ച ശക്തരാതിരുന്നു ഗെയ്‌ക്‌വാദുകൾ. 700 ഏക്കറിൽ എട്ടു ലക്ഷം ചതുരശ്രയടികളിലാണ് കൊട്ടാരം പണിതത്. അന്ന് 27 ലക്ഷം രൂപ ചെലവഴിച്ച് 12 വർഷമെടുത്താണ് കൊട്ടാരം പൂർത്തിയാക്കിയത്. ലക്ഷമി വിലാസ് പാലസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.
നാല് നിലകളുള്ള ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ ആകെ 170 മുറികളുണ്ട്. അക്കാലത്തെ ഏറ്റവും പ്രശസ്തനായ സസ്യശാസ്ത്രജ്ഞരിൽ ഒരാളായ സർ വില്യം ഗോൾഡ്‌റിംഗ് ആണ് മനോഹരമായ പൂന്തോട്ടങ്ങൾ രൂപകല്പന ചെയ്തത്. ലക്ഷ്മി വിലാസ് കൊട്ടാരം നിർമ്മിക്കപ്പെടുന്നതിന് മുമ്പ്, ഗെയ്ക്‌വാദുകൾ മഹാരാജ കൊട്ടാരത്തിലും നാസർബാഗ് കൊട്ടാരത്തിലുമാണ് താമസിച്ചിരുന്നു. പ്രശസ്ത വാസ്തുശില്പിയായ മേജർ ചാൾസ് മാന്റിനെ യുറോപ്പിൽ നിന്ന് വന്നാണ് നിർമാണത്തിന്റെ മേൽനോട്ടം വഹിച്ചത്. കോലാപ്പൂരിലെയും ദർഭംഗയിലെയും കൊട്ടാരങ്ങൾ നിർമ്മിച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ ലക്ഷ്മി വിലാസ് പാലിസിന്റെ നിർമാണ വേളയിൽ അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് മറ്റൊരു ആർക്കിടെക്ട് ആയ റോബട്ട് ഫെലോസാണ് ഇത് പൂർത്തീകരിച്ചത്. പേരിൽ പാലസ് എന്നാണെങ്കിലും ഇതിനെ ഭവനമായാണ് കണക്കാക്കുന്നത്.
ആഡംബരവും പ്രൗഡിയും സമന്വയിപ്പിച്ചിരിക്കുന്ന കൊട്ടാരമാണ് ലക്ഷമി വിലാസ് . മനോഹരമായ ഇൻഡോ സാരസെനിക് ശൈലി കൊട്ടാരം നിർമിച്ചത്. 1800-കളിൽ പണികഴിപ്പിച്ചതാണെങ്കിലും, ആർക്കും ചിന്തിക്കാവുന്നതും ഇന്നും പ്രസക്തവുമായ എല്ലാ ആധുനിക സൗകര്യങ്ങളും കൊട്ടാരത്തിനുണ്ടായിരുന്നു. ഒരു ആന്തരിക ടെലിഫോൺ എക്സ്ചേഞ്ച്, എലിവേറ്ററുകൾ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള സൗകര്യം എന്നിവ അക്കാലത്ത് തന്നെ സജ്ജീകരിച്ചിരുന്നു. കൊട്ടാരത്തിന്റെ പുറംഭാഗം സോങ്കധ് ക്വാറികളിൽ നിന്നുള്ള സ്വർണ്ണ കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കൊട്ടാരത്തിന് ഗംഭീരമായ സ്വർണ്ണ തിളക്കം നൽകുന്നുണ്ട്. വിലയേറിയ മാർബിളുകളും മൊസൈക്കുകളും ഉപയോഗിച്ചാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്. അവ ഇന്നും നന്നായി പരിപാലിക്കപ്പെടുന്നു. പ്രശസ്ത ചിത്രകാരനായ രാജാ രവി വർമ്മയുടെ പെയിന്റിംഗ് തുടങ്ങി അമൂല്യമായ നിരവധി വസ്തുക്കളുടെ ശേഖരം കൊട്ടാരത്തിൽ ഇന്നും കാണാം.
കൊട്ടാരത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നീന്തൽക്കുളം, ക്ലബ് ഹൗസ്, ജിം എന്നിവയുമുണ്ട്. ഗോൾഫ് കോഴ്‌സ് ആണ് മറ്റൊരു ആകർഷണം. കൊട്ടാരവളപ്പിൽ വലിയ പാർക്കുകൾ, മോട്ടി ബാഗ് പാലസ്, മഹാരാജ ഫത്തേ സിംഗ് മ്യൂസിയം കെട്ടിടം എന്നിവയും ഉണ്ട്. ലക്ഷ്മി വിലാസ് പാലസിൽ മോട്ടി ബാഗ് ക്രിക്കറ്റ് ഗ്രൗണ്ടും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളും ഉണ്ട്. തേക്കിൻ തടികൊണ്ടുള്ള മനോഹരമായ ഇൻഡോർ ടെന്നീസ് കോർട്ടും ബാഡ്മിന്റൺ കോർട്ടും ഇതിലുണ്ട്. പണ്ട് ഒരു ചെറിയ മൃഗശാലയും കൊട്ടാരത്തിനുള്ളിൽ ഒരു റെയിൽവേ ട്രാക്കും ഉണ്ടായിരുന്നു.
നിലവിൽ ഗെയ്ക്വാദ് വംശത്തിന്റെ പിൻ തലമുറ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട് . രാജ സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദും രാധികരാജ ഗെയ്ക്വാദും രണ്ടു പെണ്‍ മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഒരു യൂറോപ്യൻ രാജ ഭവനത്തോട് സാമ്യമുള്ള ലക്ഷമി വിലാസ് പലാസ്, ഇന്ത്യയിൽ ഏറ്റവും തലയെടുപ്പുള്ള കൊട്ടാരമായി ഇന്നും നിലനിൽക്കുന്നു.