തൃശൂർ: പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനുമായ എൻ കുഞ്ചു അന്തരിച്ചു. 94 വയസായിരുന്നു. നിരവധി കാലം സൈനികനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലെ ഇംഗ്ലീഷ് പത്രങ്ങളുടെ റിപ്പോർട്ടറായും പ്രവർത്തിച്ചു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ വിവർത്തന ലോകത്തേയ്‌ക്കും ചുവടുവയ്‌ക്കാൻ സഹായിച്ചു. പതിനഞ്ചോളം പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്.
1973-ലാണ് എൻ കുഞ്ചു സൈന്യത്തിൽ നിന്നും വിരമിക്കുന്നത്. ഇതിന് മുമ്പ് അഞ്ച് വർഷക്കാലത്തോളം അദ്ദേഹം സൈനിക് സമാചാർ എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിച്ചിരുന്നു. ഇക്കാലയളവിലാണ് പരിഭാഷാ മേഖലയിലേക്കും കൈവയ്‌ക്കുന്നത്. നന്തനാരുടെ ആത്മാവിന്റെ നോവുകൾ, കോവിലന്റെ ഏ മൈനസ് ബി, ഏകലവ്യന്റെ എന്ത് നേടി എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് എൻ കുഞ്ചുവാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രിക പൂച്ച ഇംഗ്ലീഷിലേക്ക് മാജിക് ക്യാറ്റ് എന്ന പേരിൽ വിവർത്തനം ചെയ്തതും അദ്ദേഹമാണ്.















