തലപൊക്കമുള്ള നേതാക്കന്മാരുടെ മണ്ണാണ് രാജസ്ഥാനും, മദ്ധ്യപ്രദേശും, ഛത്തീസ്ഗഡും. ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നത് അത്ര എളുപ്പമല്ല. ഇവിടെയാണ് ബിജെപി അപ്രതീക്ഷിത ട്വിസ്റ്റുമായി എത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രിപദത്തിലേക്ക് എത്തിച്ചത്. രാഷ്‌ട്രീയ നിരീക്ഷികരുടെ പ്രവചനങ്ങളെ അട്ടിമറിക്കുന്ന പ്രസ്താവനകളാണ് ഒരോ സംസ്ഥാനത്തും ബിജെപി നടത്തിയത്.
രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംഗനേറിൽ നിന്ന് മത്സരിച്ച ഭജൻലാൽ ശർമ്മയുടെ പേരാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടത്. ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ രാഷ്‌ട്രീയ വിദ്യാർത്ഥികളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് ഭജൻലാൽ ശർമ്മയുടെ പേര് ഉയർന്നുവന്നത്. ആദ്യമായാണ് അദ്ദേഹം രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്‌നാഥ് സിംഗ് ഉൾപ്പടെയുള്ള മുന്ന് കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം.
ഭരത്പൂർ സ്വദേശിയായ ശർമ്മയെ ബിജെപി തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു. ഭരത്പൂർ മണ്ഡലത്തിൽ വിജയ സാധ്യത കുറവാണെന്ന് കണ്ട് അദ്ദേഹത്തെ പാർട്ടി സംഗനേറിൽ നിന്ന് മത്സരിപ്പിക്കുകയായിരുന്നു. പാർട്ടിയുടെ വിവിധ ചുമതലകൾ അലങ്കരിച്ച ശർമ്മയുടെ ഉദയം വിദ്യാർത്ഥി പരിഷത്തിലെത്തിലൂടെയായിരുന്നു. എബിപിവിയിൽ നിരവധി ഉത്തരവാദിത്തങ്ങളിൽ പ്രശോഭിച്ച ശർമ്മ ഒരു മികച്ച സംഘാടകനാണ്.
ഏറ്റവും കൂടുതൽ കാലം രാജസ്ഥാൻ ബിജെപി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് ശർമ്മ. ഏത് സമയത്തും ജനങ്ങൾക്ക് സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജാതിയുടെ വേർതിരിവുകൾക്ക് അപ്പുറം നിന്ന അദ്ദേഹം എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജസ്ഥാൻ രാഷ്‌ട്രീയത്തിലെ പുത്തൻ താരോദയാണ് ഭജൻലാൽ ശർമ്മയുടേത്.















