കോഴിക്കോട്: വാഹനമോടിക്കുമ്പോൾ പലതരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുകയും ശേഷം എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ നമ്പർപ്ലേറ്റ് മറച്ച് പിടിക്കുകയും ചെയ്തവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് എംവിഡി. കോഴിക്കോട് ആർടിഒയുടെ പരിധിയിൽ വരുന്ന ആറ് പേരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ യാത്രക്കാർ, അമിത വേഗത, വാഹനം ഓടിക്കുന്നതിനിടെ പുകവലി ഇങ്ങനെ നിരവധി നിയമ ലംഘനങ്ങൾ നടത്തിയ ശേഷമാണ് ക്യാമറയിൽപ്പെടാതെ കൈകൊണ്ട് നമ്പർ മറച്ച് പിടിക്കുന്നത്. ഇത്തരത്തിൽ ഇനി 16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. ഒന്നിലേറെ പ്രാവാശ്യം നിയമലംഘനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എഐ ക്യാമറയിൽപ്പെടാതിരിക്കാൻ നിരവധിപ്പേർ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് കോഴിക്കോട് ആർടിഒ പറയുന്നു. മൂന്ന് മാസത്തേയ്‌ക്കാണ് ഇത്തരക്കാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നത്. 10 പ്രാവശ്യം വരെ നിയമലംഘനം നടത്തിയവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നും ആർടിഒ പറയുന്നു.