ഹൈദരാബാദ്: ആരും തന്നെ ആശുപത്രിയിൽ എത്തി സന്ദർശിക്കരുതെന്ന് ജനങ്ങളോട് ആഭ്യർത്ഥിച്ച് മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. അണുബാധയ്‌ക്കുള്ള സാധ്യതയും തിക്കും തിരക്കും മൂലം മറ്റ് രോഗികൾ നേരിടുന്ന പ്രശ്‌നങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിന് പുറത്ത് തന്റെ ആരോഗ്യം അന്വേഷിക്കാൻ എത്തിയവരോടാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
നൂറുകണക്കിന് രോഗികൾക്ക് ഈ തിക്കും തിരക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവരുടെ സുരക്ഷ ഒരുപോലെ പ്രധാനമാണ്. ദയവായി എല്ലാവരും വീടുകളിലേക്ക് മടങ്ങണം. ഞാൻ നിങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. സുഖം പ്രാപിച്ചുകഴിഞ്ഞാൽ നമുക്ക് പരസ്പരം കണ്ടുമുട്ടാം. അതിനാൽ എല്ലാവരും ആശുപത്രിവിട്ടുപോകണമെന്ന് അഭ്യർത്ഥിക്കുന്നു. – കെസിഐആർ പറഞ്ഞു.
ശുചിമുറിയിൽ വീണതിനെ തുടർന്ന് ഇടുപ്പ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. സുഖം പ്രാപിക്കുന്ന കെസിആറിനെ കാണാൻ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിപേട്ട് മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ദിവസം യശോദ ആശുപത്രിയിൽ ധർണ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെസിആറിന്റെ അഭ്യർത്ഥന.
ശസ്ത്രക്രിയയ്‌ക്ക് ശേഷം കെസിആറിന്റെ ആരോഗ്യനില ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സുഖം പ്രാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.















