ചെന്നൈ : ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ . ഇന്ന് രാവിലെയാണ് സംഭവം . പരിക്കേറ്റ അയ്യപ്പഭക്തരെ ചികിത്സയ്ക്കായി ശ്രീരംഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശ്രീരംഗത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം ഇന്ന് ആരംഭിച്ചിരുന്നു . രാവിലെ തന്നെ ആയിരക്കണക്കിന് ഭക്തർ രംഗനാഥനെ ദർശിച്ചു. തൊഴാനെത്തിയ കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള അയ്യപ്പഭക്തരും ക്ഷേത്ര ഭരണസമിതി നിയോഗിച്ച താത്കാലിക ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.ഏതാനും ചിലർക്ക് പ്രത്യേക പരിഗണന നൽകിയതിനെയാണ് അയ്യപ്പഭക്തർ ചോദ്യം ചെയ്തത്.
പിന്നാലെ നിരവധി ഭക്തർ ആക്രമിക്കപ്പെട്ടു. ഭക്തരെ മർദ്ദിച്ചതിന് താൽക്കാലിക ജീവനക്കാരായ സെൽവം, വിഘ്നേഷ്, ഭരത് എന്നിവർക്കെതിരെയും ക്ഷേത്ര ഭരണസമിതിക്കെതിരെയും പോലീസിൽ പരാതി നൽകി.ആക്രമണത്തിനിരയായ അയ്യപ്പഭക്തർക്ക് പിന്തുണ നൽകുന്നതിന് പകരം ക്ഷേത്രപരിസരത്ത് വിന്യസിച്ച പോലീസ് പ്രതികളായ ക്ഷേത്രജീവനക്കാർക്ക് പിന്തുണ നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഭക്തരെ ക്ഷേത്രത്തിന് പുറത്തേക്ക് തള്ളിയിട്ട് ആക്രമണം മറച്ചുവെക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
തുടർന്ന് നൂറിലധികം അയ്യപ്പഭക്തർ കാർത്തികൈ ഗോപുരം, കൊടിമരം തുടങ്ങിയ സ്ഥലങ്ങളിൽ ഭക്തർക്കെതിരായ ആക്രമണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ പ്രതിഷേധിച്ചു. എന്നാൽ, പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസ് തടഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സംഭവത്തെ അപലപിച്ചു. ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കാത്ത സർക്കാരിന് ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കാനോ നിയന്ത്രിക്കാനോ ഒരു കാര്യവുമില്ലെന്ന് അണ്ണാമലൈ പറഞ്ഞു.പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.