തിരുവനന്തപുരം ; പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണെന്നും, ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും മുൻ ഡിജിപി ടി.പി.സെൻകുമാർ . പതിനെട്ടാംപടിയിൽ ആളുകളെ കയറ്റിവിടാൻ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ . പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ പതിനെട്ടാം പടിയിൽ ആളെക്കയറ്റുന്നത് പോലീസ് കുറച്ചിട്ടുണ്ടാകും. അല്ലെങ്കിൽ അവർക്ക് ആളെ കടത്തിവിടാൻ അറിയില്ലായിരിക്കും, വേണ്ടത്ര പരിചയമില്ലായിരിക്കും. മേൽനോട്ടം വഹിക്കാനും പരിചയമുള്ള ഉദ്യോഗസ്ഥർ ഇല്ലായിരിക്കാം. പതിനെട്ടാംപടിയിൽ ഒരു മിനിറ്റിൽ 75 പേരെ കടത്തിവിടേണ്ടതാണ്. അത് കുറഞ്ഞാൽ താഴെനിൽക്കുന്ന ആളുകൾക്ക് സമയത്ത് പടി കയറിപ്പോകാൻ കഴിയാതെ വരും. രാത്രി 11നു ശേഷം ആളുകളെ സന്നിധാനത്തെ ഫ്ലൈ ഓവറിൽ കയറ്റി നിർത്തണം. അതു ചെയ്താലേ തിരക്കു നിയന്ത്രിക്കാനാകൂ.
പഴയ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത് മിനിറ്റിൽ 90 പേരെ പതിനെട്ടാംപടി കയറ്റാം എന്നാണ്. 120 പേരെയും കയറ്റാം. വിദഗ്ധരായ പോലീസുകാർ പതിനെട്ടാംപടിയിൽനിന്നാലേ അത് സാധ്യമാകൂ. ശബരിമലയിലേക്കു വരുന്ന ആളുകളിൽ കുട്ടികളും വയോധികരും നടക്കാൻ വയ്യാത്തവരുമായ ആളുകളുമുണ്ട്. അപ്പോള്‍ സാഹചര്യം മനസ്സിലാക്കി ആളെ കയറ്റിവിടണം.
ഇത്ര ആളുകൾ ഇത്ര സമയത്തിനുള്ളിൽ എത്തുമെന്നുള്ള കണക്ക് കൃത്യമായി നൽകാൻ ദേവസ്വം ബോർഡിനു കഴിയണം. ബുക്ക് ചെയ്ത എല്ലാവരെയും കയറ്റിവിടാൻ നോക്കരുത്. ഒരു ദിവസം എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കണം.
പോലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലേക്കാണ് മാറിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നിൽ നവകേരള സദസ്സിലെ കാര്യങ്ങളാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്. പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് പരിചയ സമ്പന്നതയും അർപ്പണബോധവും വേണം. അതുപോലെ തൊഴുതു കഴിയുന്നവരെ മടക്കി അയയ്‌ക്കാനും പരിചയമുള്ളവർ വേണം. അങ്ങനെയുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല . ഇത്തവണ ശബരിമലയിൽ പോയിട്ടില്ല. വാർത്തകളിൽനിന്ന് അറിഞ്ഞ കാര്യങ്ങളിൽനിന്നാണ് ഇത് പറയുന്നത്’’– സെൻകുമാർ വ്യക്തമാക്കി.















