ലോകേഷ് കനകരാജിന്റെ നിർമ്മാണ കമ്പനിയായ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം ഫൈറ്റ് ക്ലബ് പ്രദർശനത്തിനൊരുങ്ങുന്നു. ഈ മാസം 15-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കേരളത്തിലെ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ഡ്രീം ബിഗ് ഫിലീംസാണ്.
ഉറിയടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയ് കുമാറാണ് ഫൈറ്റ് ക്ലബിലെ നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ഗാനം എന്നിവ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ഇവക്ക് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അബ്ബാസ് എ റഹ്‌മത്താണ്. ആദിത്യയാണ് ഫൈറ്റ് ക്ലബിന്റെ നിർമ്മാതാവ്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിജയ്കുമാർ , ശശി, അബ്ബാസ് എ റഹ്‌മത് എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.















