ജയ്പൂർ: പുതിയ ഉത്തരവാദിത്തത്തിൽ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. ബിജെപിയുടെ അഭൂതപൂർവമായ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു എന്നായിരുന്നു ഭജൻലാൽ ശർമ്മയുടെ വാക്കുകൾ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവർക്കും, ബിജെപിയുടെ വൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കളും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തന്നെപ്പോലെയൊരു സാധാരണ പ്രവർത്തകനെ രാജസ്ഥാന്റെ ഉത്തരവാദിത്തം അവർ ഏൽപ്പിച്ചു. തന്നോട് പാർട്ടിയും നേതൃത്വവും കാണിച്ച വിശ്വാസത്തിൽ വലിയ സന്തോഷമുണ്ട്. ബിജെപി പാർട്ടിയിലെ ഓരോ പ്രവർത്തകനും പരിഗണന നൽകുന്നുവെന്നും ബിജെപിക്ക് മാത്രമേ ഇത് സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.















