തിരുവനന്തപുരം: ഒടുവിൽ ശബരിമലയിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. വീഴ്ചകൾ അതത് വകുപ്പുകളിൽ ഉന്നയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലയ്ക്കലിൽ പാർക്കിംഗിൽ പാളിച്ചകളുണ്ടായി എന്നത് വാസ്തവമാണ്. 7,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനായി പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡൈനാമിക് ക്യൂ സംവിധാനമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് പതിവാണ്. 4,500-ഓളം പേരെ ക്യൂ കോംപ്ലക്സിൽ ഉൾക്കൊള്ളനാകും. തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തും. പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. പ്രതിസന്ധി മറിക്കടക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ പ്രതിസന്ധിയിൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ ബുക്കിംഗോ സ്പോട്ട് ബുക്കിംഗോ ഇല്ലാതെ ആരെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ക്യൂ കോംപ്ലക്‌സുകളിൽ 24 മണിക്കൂറും ശുചീകരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് രണ്ട് ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ ദേവസ്വംബോർഡ് നിയോഗിക്കണം. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.















