ജനീവ: ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ദുഷ്പേര് ഇനി മ്യാൻമാറിന് സ്വന്തം. 2023ൽ മ്യാൻമാർ 1080 മെട്രിക് ടൺ കറുപ്പ് ഉത്പാദിപ്പിച്ചതായി യുഎൻ ഓഫീസ് ഫോർ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഫ്ഗാനെ പിന്തള്ളിയാണ് മ്യാൻമാർ മുന്നിലെത്തിയത്.
ഗോൾഡൻ ട്രയാംഗിൾ റീജിയൻ എന്ന് അറിയപ്പെടുന്ന മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് എന്നിവയുടെ അതിർത്തികൾ മയക്കുമരുന്ന് സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മെത്താംഫെറ്റാമൈൻ, കറുപ്പ് എന്നിവയുടെ ഉത്പദാനവും വ്യാപാരവും സജീവമാണ്. തായ്‌ലൻഡിൽ നിന്നും ലാവോസിൽ നിന്നും മ്യാൻമാർ വഴിയാണ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തുന്നത്.
2021-ൽ സൈന്യം അധികാരം പിടിച്ചടക്കിയതിന് ശേഷമാണ് മ്യാൻമാറിലെ കർഷകർ കൂടുതലായി കറുപ്പ്- കഞ്ചാവ് കൃഷിയിലേക്ക് തിരിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘർഷവും രാഷ്‌ട്രീയ അസ്ഥിരയും മൂലം സമ്പദ്‌വ്യവസ്ഥ നശിച്ചതും ഇതിന് കാരണമായി. കഴിഞ്ഞ വർഷത്തെ രാജ്യത്തെ മൊത്തം കാർഷികോൽപ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് പോപ്പി വിളകളായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.