അതിമനോഹരമായ കുന്നുകളും പുൽമേടുകളും വനങ്ങളുമൊക്കെ നിറഞ്ഞ രാജ്യമാണ് ന്യൂസിലൻഡ്. അതിലുപരി മറ്റ് നിരവധി സവിശേഷതകളും ന്യൂസിലൻഡിനുണ്ട്. ഈ രാജ്യത്ത് മനുഷ്യരേക്കാൾ കൂടുതൽ ആടുകളാണുള്ളത്. അതായത് ന്യൂസിലൻഡിലെ ഓരോ വ്യക്തിക്കും 5 ആടുകൾ വീതമുണ്ടെന്നാണ് കണക്ക്.
എന്നാൽ 1982-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യനും ആടും തമ്മിലുള്ള അനുപാതം നിലവിൽ കുറഞ്ഞിരിക്കുകയാണ്. ഒരാൾക്ക് 22 ആടുകൾ എന്ന 1982ലെ കണക്കിൽ നിന്നും ഇന്ന് 5 ആടുകളായി ചുരുങ്ങി. എങ്കിലും മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ തന്നെയാണെന്നതിൽ തർക്കമില്ല.
ആടുകളുടെ എണ്ണം കുറഞ്ഞതെങ്ങനെ..
കന്നുകാലി രോഗമായ മൈകോപ്ലാസ്മ പടർന്നുപിടിച്ചതിനെ തുടർന്നായിരുന്നു രാജ്യത്തെ ആടുകളുടെ എണ്ണം കുറഞ്ഞത്. രോഗവ്യാപനത്തെ തുടർന്ന് 52,000ത്തോളം ആടുകളെ സർക്കാർ കൊന്നൊടുക്കിയിരുന്നു.
മനുഷ്യരേക്കാൾ കൂടുതൽ ആടുകളാണെന്നതിനാലും രാജ്യത്തെ പ്രധാന തൊഴിൽ ആടുവളർത്തൽ ആണെന്നതിനാലും കമ്പിളി ഉത്പാദനത്തിൽ നാലാം സ്ഥാനത്തുള്ള രാജ്യമാണ് ന്യൂസിലൻഡ്. ലോകത്തെ ആകെ കമ്പിളിയുടെ 11 ശതമാനവും ഇവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണ്, രണ്ടും മൂന്നും സ്ഥാനത്ത് ചൈനയും യുഎസും നിലകൊള്ളുന്നു.
2021ലെ കണക്കനുസരിച്ച് ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലാണ് ഏറ്റവും കൂടുതൽ ആടുകൾ ഉള്ളത്. രാജ്യത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ആടാണ് റോംനി (Romney). വടക്കൻ, തെക്കൻ ന്യൂസിലൻഡ് ദ്വീപുകളിൽ 50 ശതമാനത്തിലധികവും റോനിയാണ്.
ആട്-മനുഷ്യൻ ജനസംഖ്യാനുപാതം
2023 ജൂണിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 52 ലക്ഷമാണ്. ഇതിൽ തന്നെ 2,40,000 ത്തോളം പേർ ഇന്ത്യക്കാരാണ്. അതേസമയം ന്യൂസിലൻഡിലെ ആടുകളുടെ എണ്ണം 25.3 ദശലക്ഷമാണ്. 2022ൽ പുറത്തുവന്ന കണക്കുപ്രകാരമാണിത്.
എങ്ങനെയാണ് മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ ഇവിടെയുണ്ടായത്?
19-ാം നൂറ്റാണ്ടുമുതലാണ് രാജ്യത്ത് ആടുവളർത്തൽ ആരംഭിക്കുന്നത്. കമ്പിളി ഉത്പാദനമായിരുന്നു ലക്ഷ്യം. ന്യൂസിലൻഡിലെ ഭൂപ്രകൃതി ആടുകളെ വളർത്തുന്നതിന് ഏറെ അനുയോജ്യമായതിനാലും അക്കാലത്ത് കമ്പിളിക്ക് ഏറെ ആവശ്യക്കാരുണ്ടായതിനാലും വ്യവസായം വിജയകരമായി. ഇതിനിടെ ആടുകളുടെ മാംസവിൽപ്പനയും രാജ്യത്ത് പൊടിപൊടിച്ചു. മാംസം ശീതീകരിച്ച് കയറ്റുമതി ചെയ്യാനുള്ള സാങ്കേതിക വിദ്യ ന്യൂസിലൻഡ് വികസിപ്പിച്ചെടുത്തതോടെ യൂറോപ്പിലേക്ക് മാംസം ഷിപ്പിംഗ് ചെയ്യാനും, ഇത് വലിയ രീതിയിൽ വ്യവസായം വർധിപ്പിക്കാനും സാധിച്ചു. ഇതോടെയായിരുന്നു രാജ്യത്ത് ആടുകളെ വളർത്തുന്നത് പ്രധാന തൊഴിലായി മാറുന്നത്. ന്യൂസിലൻഡിൽ താരതമ്യേന ജനസംഖ്യ കുറവായതിനാൽ മനുഷ്യരേക്കാൾ കൂടുതൽ ആടുകൾ രാജ്യത്ത് ഉണ്ടാകാനും ഇത് കാരണമായി.