ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധതാരങ്ങളിൽ ഒരാളായ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ കില്ലെനി 39-ാം വയസിൽ ബൂട്ടഴിച്ചു. മേജർ ലീഗ് സോക്കറിൽ ലോസാഞ്ചൽസ് എഫ്.സിയുടെ താരമായിരുന്ന കില്ലെനി ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ ഇതിഹാസമായിരുന്നു. 2020ൽ യൂറോകപ്പ് നേടുമ്പോൾ ഇറ്റലിയുടെ നായകനായിരുന്നു. ഇറ്റലിക്കായി 117 തവണ ബൂട്ടുകെട്ടിയപ്പോൾ യുവന്റസ് കുപ്പായത്തിൽ 550 തവണ കളത്തിലിറങ്ങി.
ഇറ്റാലിയൻ ക്ലബിനൊപ്പം 9 സീരി എ കിരീടങ്ങളും 5 കോപ്പ ഇറ്റാലി ട്രോഫികളും അഞ്ചു സൂപ്പർ കപ്പുകളും നേടി. സോഷ്യൽ മീഡിയയിലൂടെയാണ് സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അവസാന മത്സരത്തിൽ തോൽവിയോടെയാണ് താരം ഗുഡ്ബൈ പറഞ്ഞത്. താരം പഴയ ക്ലബായ യുവന്റസിൽ പുതിയ റോളിൽ എത്തുമെന്നാണ് സൂചന. 23 വർഷത്തെ തന്റെ യാത്ര താരം വീഡിയോയായി പങ്കുവച്ചിട്ടുണ്ട്.















