ബെംഗളൂരു: കർണാടക രാജ്ഭവനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ ഒരാൾ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 11 .30 ന് കർണാടക രാജ്ഭവനിൽ ബോംബ് ഭീഷണി ഉണ്ടെന്ന് അജ്ഞാതനിൽ നിന്ന് ബംഗളൂരു പോലീസിന് വ്യാജ കോൾ ലഭിക്കുകയായിരുന്നു. കോൽ എടുത്തപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ രാജ്ഭവൻ വളപ്പിൽ ബോംബ് പൊട്ടിത്തെറിക്കുമെന്നു പറഞ്ഞ ശേഷം ഫോൺ കട്ട് ചെയ്യുകയായിരുന്നു. പോലീസ് ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കോലാർ ജില്ലയിലെ മുൽബാഗലിൽ നിന്നുള്ള കർഷകനായ ഭാസ്‌കറാണ് പ്രതിയെന്നു പിന്നീട് തിരിച്ചറിഞ്ഞു. രാജ്ഭവൻ റോഡിലൂടെ നടന്നുപോകുമ്പോൾ കൺട്രോൾ റൂം നമ്പർ ഓൺലൈനിൽ പരിശോധിച്ച ഭാസ്‌കർ സ്വമേധയാ വ്യാജ സന്ദേശം പോലീസിൽ അറിയിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലെ 44 സ്‌കൂളുകൾക്ക് അജ്ഞാത ഇമെയിലുകളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ബസവേശ്വര് നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വസതിക്ക് എതിർവശത്താണ് ഭീഷണി നേരിടുന്ന സ്‌കൂളുകളിലൊന്ന്. തൊട്ടുപിന്നാലെ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി സമാനമായ ഭീഷണികൾ ലഭിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ബംഗളൂരു പോലീസ് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.















