പത്തനംതിട്ട: ശബരിമലയിൽ ഭക്തർ നേരിടുന്ന ദുരിതത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ശബരിമലയിൽ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും ശബരിമലയിൽ വരരുതെന്ന് ഭക്തരോട് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ദേവസ്വം ബോർഡും പോലീസും തമ്മിലുള്ള തർക്കം ഭക്തരെ ദുരിതത്തിലാക്കുകയാണ്. ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേവസ്വം മന്ത്രി നേതൃത്വം വഹിക്കണം. ഇതിനെതിരെ മന്ത്രി നേരിട്ടെത്തി നടപടികൾ സ്വീകരിക്കണം. വൈകുന്നേരം ദേവസ്വം പ്രസിഡന്റുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ എല്ലാ ഹൈന്ദവ സംഘടനകളെയും ഉൾപ്പെടുത്തി പ്രതിഷേധിക്കുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിൽ ദേവസ്വം പ്രസിഡന്റും എഡിജിപിയും തമ്മിൽ വാക്പോര് ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പതിനെട്ടാം പടിയിൽ 60 പേരാണ് ഒരു മിനിറ്റിൽ കയറുന്നതെന്നാണ് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞത്. എന്നാൽ 75-ഓളം പേർ കയറുന്നുണ്ടെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ വാദം. ഇരുകൂട്ടരും തമ്മിൽ തർക്കം രൂക്ഷമായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും, തിരക്ക് നിയന്ത്രിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയുമായിരുന്നു.















