പാലസ്തീൻ അനുകൂല മുദ്രവാക്യങ്ങൾ രേഖപ്പെടുത്തിയ സ്പൈക്സുമായി കളിക്കാൻ ഇറങ്ങിയ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയ്‌ക്ക് വിലക്ക്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് താരത്തിന്റെ പ്രവൃത്തിയെ വിലക്കിയത്. പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവങ്ങൾ.
ഇടംകൈയൻ ബാറ്ററെ പെർത്ത് ടെസ്റ്റിന്റെ ആദ്യ ദിവസത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിലാണ് ഇത്തരത്തിലുള്ള സ്പൈക്സ് ധരിച്ച് കണ്ടെത്തിയത്. നേരത്തെ പാലസ്തീനെ പിന്തുണച്ച് താരം സോഷ്യൽ മിഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഐസിസിയുടെ നിയമവലി പ്രകാരം രാഷ്‌ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള എഴുത്തുകളും വസ്ത്രധാരണവുമടക്കം നിരോധിച്ചിട്ടുണ്ട്.ശിക്ഷ ഭയന്ന് താരം സ്പൈക്സ് ധരിക്കുന്നതിൽ നിന്ന് പിന്മാറിയതായും വിവരമുണ്ട്.
ജഴ്സിയിലും ക്രിക്കറ്റ് കിറ്റിലും ദേശീയ ചിഹ്നങ്ങളോ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു ലോഗോകളോ മാത്രമേ ഉപയോഗിക്കാനാവൂ. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ നടപടിയെ വിലക്കിയത്. വിഷയത്തിൽ പ്രതികരിച്ച് നായകൻ പാറ്റ് കമ്മിൻസും രംഗത്തെത്തിയിട്ടുണ്ട്.