ഭോപ്പാൽ: നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന വികസന പ്രവർത്തനങ്ങൾ തുടരാനും, പൊതുജനക്ഷേമം മികച്ച ഉയരത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോഹൻ യാദവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചൗഹാൻ.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കും. പുരോഗതിയുടെയും വികസനത്തിന്റെയും കാര്യത്തിൽ മദ്ധ്യപ്രദേശ് പുതിയ ഉയരങ്ങൾ കൈവരിക്കും. അതിന് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭോപ്പാലിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.















