തൃശൂർ: രാഷ്‌ട്രീയമായി എന്തെങ്കിലും ചെയ്യണം, രാഷ്‌ട്രീയത്തിന് മാത്രമെ നാട്ടിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ദേവൻ. ചെറുപ്പ കാലം മുതൽക്കെ എനിക്ക് രാഷ്‌ട്രീയമുണ്ടായിരുന്നു. 2004-ലാണ് ഞാൻ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. മറ്റ് ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയ്‌ക്ക് നിന്നു. വലിയ പരാജയവുമായി, എന്നാൽ രാഷ്‌ട്രീയം ഉപേക്ഷിച്ചില്ല. മുലപ്പെരിയാർ വിഷയത്തിലും സ്മാർട് സിറ്റി അഴിമതിയിലുമെല്ലാം ഞാൻ ഇടപെട്ടിരുന്നു. രാഷ്‌ട്രീയ പാർട്ടിയുടെ ചുമതലയിൽ മുന്നേ വരേണ്ടതായിരുന്നു എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതിനൊക്കെ ഒരു പക്വത ഉണ്ടാവണം.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാൻ മുന്നിൽ കാണുന്നത് ഇലക്ഷനല്ല. ഒരു സീറ്റ് കിട്ടാൻ വേണ്ടിയുള്ള സമീപനമല്ല എന്റേത്. ബിജെപിയുടെ ഉപാദ്ധ്യക്ഷനായത് സീറ്റ് കിട്ടാൻ വേണ്ടിയല്ല. സംഘടന രംഗത്ത് സജീവമായി നിലനിൽക്കും. ഭാരതീയ ജനതാ പാർട്ടിയെ കേരളത്തിൽ വളർത്തുക എന്നതാണ് എന്റെ ദൗത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു മാതൃകയാക്കും. ബിജെപിയിൽ ഉള്ള നേതാക്കന്മാരെല്ലാം കറകളഞ്ഞ നേതാക്കളാണ്. ഒരാൾ പോലും അല്ലാത്തവരില്ല. മോദിയുടെത് പോലെ തന്നെ കഴിവുള്ള, പ്രഭാവമുള്ള ഒരുപാട് നേതാക്കൾ ബിജെപിക്ക് ഉണ്ട്. മികച്ച നേതാക്കളെ കൊണ്ട് സമ്പന്നമാണ് ബിജെപി. അങ്ങനത്തെ ഒരു പാർട്ടിയല്ലാതെ എനിക്ക് തിരഞ്ഞെടുക്കാൻ മറ്റൊരു പാർട്ടിയില്ല.
സുരേഷ് ഗോപി എന്നെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സുരേഷ് ഗോപി എന്ന ഒരാൾ ബിജെപിക്ക് ഒരു കരുത്ത് തന്നെയായിരിക്കും. സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടതാണ്. അത് കേരളത്തിന്റെ ആവശ്യമാണ്, തൃശൂരിന്റെ ആവശ്യമാണ്. സുരേഷ് ഗോപി വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ട്. സുരേഷിനെ എനിക്ക് വർഷങ്ങളായി അറിയാം. ഒരു സിനിമാ നടനേക്കാളേറെ സുരേഷ് ഗോപി ഇന്നൊരു രാഷ്‌ട്രീയക്കാരനാണ്. അദ്ദേഹത്തിൽ നല്ല വിശ്വാസമുണ്ട്. കേരളം മുഴുവനും സുരേഷ് ഗോപി ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഭീമൻ രഘുവും രാജസേനനും ഏതോ ഒരു ഗ്ലാമറിന്റെ പേരിൽ ബിജെപിയെ കണ്ടപ്പോൾ വന്നു ചേർന്നതാണ്. അതുകൊണ്ടാണ് സ്ഥാനം കിട്ടിയില്ല എന്നും പറഞ്ഞ് പാർട്ടി വിട്ടുപോയത്. ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഇന്നൊന്നുമല്ല. കെ. സുരേന്ദ്രനാണ് എന്നോട് ബിജെപിയിൽ സജീവമാകാൻ നിർദ്ദേശിച്ചത്, ഞാൻ അത് സ്വീകരിച്ചു- നടൻ ദേവൻ പറഞ്ഞു.















