തിരുവനന്തപുരം: ഗവർണറെ വഴിയിൽ തടഞ്ഞു നിർത്തി അക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ദേവൻ തുറന്നടിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർക്കെതിരെ ഉണ്ടായ അക്രമ സംഭവത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് എസ്എഫ്ഐയെ ദേവൻ വിമർശിച്ചത്.
“പൗരബോധം എന്നുണ്ട്. ബോധം നശിച്ചവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും പൗരബോധം നഷ്ടപ്പെട്ടു. രാഷ്‌ട്രീയത്തിൽ ഏറ്റവും ആവശ്യം പൗരബോധമാണ്. ഈ പൗരബോധം നഷ്ടപ്പെട്ട കുറച്ചാളുകൾ ചേർന്നാണ് ഗവർണറെ അക്രമിക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്. ഇത്തരം സംഭവങ്ങളെ ശക്തമായി എതിർക്കണം. മറ്റുള്ള പാർട്ടിക്കാരും ഇങ്ങനെ തന്നെ ചിന്തിച്ചാൽ തെരുവിൽ യുദ്ധം നടക്കില്ലേ”- ദേവൻ പറഞ്ഞു.