ഗരുഡന്റെ വമ്പൻ വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി. ‘എസ്ജി 257’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സനൽ. സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രത്തിന്റെ സഹസംവിധായകനുമാണ്. താരത്തിനൊപ്പം ഒരു ചിത്രമുണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും തന്റെ വരാനിരിക്കുന്ന ചിത്രത്തിലേതെന്നും സനൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരും എസ്ജി 257-ൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്നും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജിത്തു കെ ജയന്റെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനു സി കുമാറാണ്.അജയ് ഡേവിഡ് കാച്ചിലപ്പിള്ളിയാണ് ഛായാഗ്രഹണം. രാഹുൽ രാജ് സംഗീതവും മൻസൂർ മുത്തൂട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആർട്ട്-സുനിൽ കെ ജോർജ്, കോസ്റ്റ്യൂം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.















