ന്യൂഡൽഹി: പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് ആറായിരത്തിലധികം റോക്കറ്റുകൾ വാങ്ങാനുള്ള പദ്ധതിക്ക് ഒപ്പുവച്ച് പ്രതിരോധമന്ത്രാലയം. 2,800 കോടി രൂപയുടെ കരാറിനാണ് പ്രതിരോധവകുപ്പ് അംഗീകാരം നൽകിയത്. കഴിഞ്ഞയിടയ്‌ക്ക് നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം കരാറിന് അനുമതി നൽകിയിരുന്നു. ഒരേസമയം ഒന്നിലധികം മിസൈലുകൾ തൊടുത്തുവിടാൻ കഴിയുന്ന റോക്കറ്റ് ലോഞ്ചറാണ് പിനാക. പുതിയ കരാർ പ്രകാരം 6,400 റോക്കറ്റുകൾ കൂടി മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് വാങ്ങും.
ഏരിയ ഡിനെയൽ മ്യൂണീഷൻ ടൈപ്പ് 2, ടൈപ്പ് 3 എന്നീ രണ്ടിനം റോക്കറ്റുകളാണ് കരാർ പ്രകാരം വാങ്ങുക. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റുകൾ മാത്രമാണ് പദ്ധതിപ്രകാരം സൈന്യം സ്വന്തമാക്കുന്നത്. ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് ഓഫ് സോളാർ ഇൻഡസ്ട്രീസ്, മ്യൂണീഷൻസ് ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാകും വിതരണക്കാർ.
അർമേനിയ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള ഇന്ത്യൻ നിർമ്മിത ആയുധ സംവിധാനം കൂടിയാണ് പിനാക റോക്കറ്റ് ലോഞ്ചർ. ലാർസൺ, ടൂബ്രോ, ടാറ്റ ഡിഫൻസ് ആൻഡ് ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ഉൾപ്പടെ ചേർന്നായിരുന്നു ഡിആർഡിഒയുടെ പിനാക റോക്കറ്റ് വ്യൂഹം വികസിപ്പിച്ചെടുത്തത്.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറെന്നാണ് പിനാക അറിയപ്പെടുന്നത്. 1.2 ടൺ ഭാരം വഹിക്കാൻ പിനാകയ്‌ക്ക് കഴിയും. 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ 75 കിലോമീറ്റർ ദൂരപരിധിയിലേക്ക് വരെ പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് പിനാകയുടെ സവിശേഷത. അതിർത്തിയിൽ ഉടലെടുക്കുന്ന ചൈനീസ്-പാക് ഭീഷണികൾ നേരിടാൻ സൈന്യത്തിന് കരുത്തുപകരുന്നതിൽ മുൻപന്തിയിലാകും പിനാകയുടെ സ്ഥാനം.