ഗഗൻയാൻ ദൗത്യത്തിന് വേണ്ട ക്രൂ സീറ്റ് ഡിസൈൻ ചെയ്യാൻ ടെൻഡർ ക്ഷണിച്ച് ഐഎസ്ആർഒ. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ക്രൂ സീറ്റിന്റെ രൂപകൽപ്പന, നിർമ്മാണം, പരിശോധന, ഡെലിവറി എന്നിവയ്‌ക്ക് വേണ്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഗഗൻയാൻ ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർക്ക് വേണ്ടി ഈ സീറ്റുകളാകും ഉപയോഗിക്കുക.
വിക്ഷേപണ വേളയിലും ഇതിന് ശേഷവും അനുഭവപ്പെടുന്ന വൈബ്രേഷനുകൾക്കിടയിലും യാത്രികർക്ക് പൂർണ്ണമായി നിയന്ത്രിക്കാനാകുന്നതായിരിക്കണം സീറ്റുകൾ. കൂടാതെ എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യത്തെ തുടർന്ന് വിക്ഷേപണം നിർത്തേണ്ടതായി വന്നാൽ ബഹിരാകാശ യാത്രികർക്ക് ആവശ്യമായ സുരക്ഷയും ഈ സീറ്റിലൂടെ ലഭ്യമാകണം. സീറ്റ് ബെൽറ്റുകൾക്ക് സമാനമായ രീതിയിൽ പോയിന്റ് ലോക്കിംഗ് സംവിധാനവും ഇതിൽ സജ്ജമായിരിക്കണമെന്ന് ഐഎസ്ആർഒ പറയുന്നു.
ബഹിരാകാശ യാത്രികരുടെ സ്യൂട്ടുകളും സീറ്റുകളും തമ്മിലുള്ള സംയോജനമാണ് മറ്റൊരു നിർണായക ഘടകം. ബഹിരാകാശ യാത്രയിൽ യാത്രികരുടെ സുരക്ഷ മുൻ നിർത്തിയാകണം സീറ്റുകൾ നിർമ്മിക്കേണ്ടത്. ഇത്തരത്തിൽ യാത്രികരുടെ സുരക്ഷ മുൻനിർത്തി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം സീറ്റുകളുടെ നിർമ്മാണം. ഗഗൻയാൻ ദൗത്യത്തിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ള സീറ്റ് നിർമ്മാണം സുപ്രധാന ചുവടുവയ്പ്പാണ്. തദ്ദേശീയ ബഹിരാകാശ പേടകത്തിൽ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ് ഇസ്രോ.















