തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മധു മോഹനെയാണ്് ഗുണ്ടാസംഘം മധുരയിലേക്ക് തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാട് പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അശോകനെയും ശരവണനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതി രഘുറാമും മറ്റ് മൂന്ന് പേരും ഒളിവിലാണ്.
തമിഴ്‌നാട് സ്വദേശികളായ മധു മോഹനും പോലീസ് കസ്റ്റഡിയിലുള്ള രഘുറാമും സുഹൃത്തുക്കളായിരുന്നു. മധു മോഹന് ഓൺലൈൻ ട്രേഡിംഗ് നടത്തുന്നതിനായി രഘുറാം പലപ്പോഴായി പണം കടം നൽകിയിരുന്നു. അവസാനമായി കടം നൽകിയ രണ്ടരലക്ഷം രൂപയും കിട്ടാതായതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത്. രഘുംറാം പണം തിരികെ ആവശ്യപ്പെട്ടെങ്കിലും വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു അത്. പണമിടപ്പാടുകൾ ചർച്ചചെയ്യാമെന്ന വ്യാജേന മധു മോഹനോട് മധുരയിലെത്താൻ രഘുറാം ആവശ്യപ്പെട്ടു. ശനിയാഴ്ച മധുരയിലെത്തിയ ഇയാളെ രഘുറാം ഏർപ്പാടാക്കിയ വാടകഗുണ്ടകൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. മധുര ഹൈവേക്ക് സമീപമുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മദ്ദിച്ചുവെന്നാണ് മധുമോഹന്റെ പരാതി. മധുവിന്റെ കഴുത്തിൽ കത്തിവച്ച് ഭാര്യയെ വീഡിയോ കോൾ വിളിച്ചു. ഇതിന് ശേഷമാണ് ഇയാളുടെ ഭാര്യ പേട്ട പോലീസിൽ പരാതി നൽകിയത്.
തുടർന്ന് ഫോൺ നമ്പർ ക്രേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മധുവിനെ കണ്ടെത്താൻ കാരണമായത്. പോലീസ് എത്തിയപ്പോഴേക്കും ഒളിസങ്കേത്തിൽ നിന്ന് മധുമോഹനെ പ്രതികൾ മാറ്റിയിരുന്നു. പിന്നീട് മധുമോഹനെ ബസ് സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു പ്രതികൾ.















