തിരുവൈരാണിക്കുളം :വർഷത്തിൽ 12 ദിവസം മാത്രം തുറക്കുന്നുവെന്ന അപൂർവതയുള്ള തിരുവൈരാണിക്കുളം മമഹാദേവക്ഷേത്രത്തിലെ ശ്രീപാർവ്വതി ദേവിയുടെ തിരുനട ഡിസംബർ 26 ചൊവ്വാഴ്ച രാത്രി തുറക്കും.
കാലടിക്കടുത്ത് കാഞ്ഞൂർ തൃക്കണിക്കാവിൽ പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പൗരാണികപ്രാധാന്യമുള്ള ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിലെ തിരുവാതിരയോടനുബന്ധിച്ചാണ് ശ്രീപാർവ്വതി ദേവിയുടെ നട തുറക്കുക. തുടർന്നുള്ള ഉത്സവ ദിനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അടക്കം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്ദർശനത്തിന് എത്തുക.
ക്ഷേത്രഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാർ തിരഞ്ഞെടുത്ത പുരോഹിതനും,(സമുദായ തിരുമേനി) ശ്രീപാർവതി ദേവിയുടെ പ്രിയ തോഴിയായി സങ്കൽപ്പിക്കപ്പെടുന്ന പുഷ്പിണി ബ്രാഹ്മണിയമ്മയും നടയ്‌ക്കൽ എത്തിച്ചേരും.മനക്കാരുടെ പ്രതിനിധികൾ ഉത്സവ നടത്തിപ്പിനു പ്രതീകാത്മകമായി സമുദായ തിരുമേനിയെ അവരോധിക്കുകയും ഇടങ്ങഴിയും താക്കോൽകൂട്ടവും ഏൽപിക്കുകയും ചെയ്യും. തുടർന്ന് ബ്രാഹ്മണിയമ്മ ഊരാണ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്ന് മൂന്ന് വട്ടം വിളിച്ചു ചോദിക്കും. എത്തിയിട്ടുണ്ടെന്ന് മറുപടി ലഭിച്ചാൽ ദേവതയുടെ അനുജ്ഞ ചോദിക്കും. അനുജ്ഞ ലഭിക്കുന്നതോടെ നട തുറക്കും.
ആ ദിവസം ദീപാരാധനയ്‌ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. വ്രതം നോറ്റ മങ്കമാർ ഈ സമയം ദേവിയുടെ തിരുനടയിൽ തിരുവാതിര പാട്ടുപാടി ചുവടുവെക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും രാത്രിയിലും ദർശന സമയം ഉണ്ടാകും.
ദർശനത്തിനായി വെർച്ചൽ ക്യൂ ബുക്കിംഗ് ഉണ്ടായിരിക്കും. ശുചിത്വമിഷ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കും. വെളുപ്പിനെ നാലു മുതൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ആലുവ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി രാവിലെ നാലു മുതൽ ഉച്ചയ്‌ക്ക് ഒന്നു വരെയും രണ്ടു മുതൽ രാത്രി 9 വരെയുമാണ് ദർശന സമയം.
എല്ലാവർഷവും ധനു മാസത്തിലെ തിരുവാതിര മുതൽ 12 ദിവസമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതിയുടെ നട തുറക്കുക..പെരിയാറിലെ വെള്ളാരപ്പള്ളി കടവ് കൂട്ടക്കൽ കടവ് എന്നിവിടങ്ങളിൽ ഭക്തർക്ക് കുളിക്കാൻ സൗകര്യമുണ്ടാകും.ഡിസംബർ 26 മുതൽ ജനുവരി 6 വരെയാണ് നടതുറപ്പ് മഹോത്സവം.
2023 കലണ്ടർ വർഷം രണ്ടുതവണ നട തുറന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളവർഷം 1198 ധനു മാസത്തിലെ തിരുവാതിര 2023 ജനുവരി ആറാം തീയതി ആയതിനാൽ ആണ് ഇങ്ങനെ വന്നത്.