ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഉത്തരാഖണ്ഡ് സ്വദേശി കിഷൻചന്ദിന്റെയും കുടുംബത്തിന്റെയും 31 കോടിയിലധികം വിലമതിക്കുന്ന വസ്തുവകകളാണ് ഇഡി പിടിച്ചെടുത്തത്. ഒരു സ്കൂളും സ്റ്റോൺ ക്രഷറും ഇതിൽ ഉൾപ്പെടും.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ഹരിദ്വാറിലും റൂർക്കിയിലും സ്ഥിതി ചെയ്യുന്ന ഭൂമിയും കെട്ടിടങ്ങളും ഇഡി അറ്റാച്ച് ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിലാണ് ഇയാൾ കള്ളപ്പണം വെളുപ്പിച്ചെന്ന് വ്യക്തമായത്. ഡെറാഡൂണിലെ വിജിലൻസ് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
കണ്ടുകെട്ടിയ സ്വത്തുക്കൾ കിഷൻചന്ദ് അനധികൃതമായി സമ്പാദിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി. കള്ളപ്പണം ഉപയോഗിച്ചാണ് സ്വത്ത് വകകൾ വാങ്ങികൂട്ടിയത്. 2010 ജനുവരി 1 മുതൽ 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ 41.9 കോടി രൂപയുടെ സ്വത്ത് ഇയാൾ സ്വന്തമാക്കിയത്. ഇക്കാലയളവിൽ കിഷൻ ചന്ദിന്റെ നിയമാനുസൃതമായ വരുമാനം 9.8 കോടി രൂപയായിരുന്നു. ബാക്കി തുകയ്‌ക്കുള്ള സ്വത്താണ് നിലവിൽ ഇഡി പിടിച്ചെടുത്തത്.















