പ്രയാഗ്‌രാജ്: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ ശാസ്ത്രീയ സർവേ നടത്താൻ അനുമതി നൽകി അലഹബാദ് ഹൈക്കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രധാന തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. വാരാണസിയിലെ ജ്ഞാൻവാപി ക്ഷേത്രത്തിൽ നടന്ന അതേ രീതിയിലാണ് മഥുരയിലും സർവേ നടക്കുക. ഷാഹി ഈദ്ഗാ സമുച്ചയം സർവേ ചെയ്യുന്നതിന്റെ ഭാഗമായി അഭിഭാഷക കമ്മീഷണറെ കോടതി നിയമിക്കുകയും.
സർവേയ്‌ക്കുള്ള അഭിഭാഷക കമ്മിഷനെ ഡിസംബർ 18-നാണ് തീരുമാനിക്കുക. ഷാഹി ഈദ്ഗാ മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും ധാരാളം ഉണ്ട്. ക്ഷേത്രം കയ്യേറിയാണ് ഇവിടെ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത് സുപ്രധാന വിധിയാണെന്നും ഹിന്ദു സമൂഹത്തിനായി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
നേരത്തെ നവംബർ 16 ന്, അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമർപ്പിച്ച അപേക്ഷയിൽ അലഹബാദ് ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്താണ് ക്ഷേത്രഭൂമി കൈയ്യേറി ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചത്.
ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥതയിലുള്ള 13.37 ഏക്കർ ഭൂമി ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കൃഷ്ണ ജന്മഭൂമിയിൽ നിർമ്മിച്ച ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന് അഗ്നിഹോത്രി ആവശ്യപ്പെട്ടു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് 1669-70-ൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിനടുത്തുള്ള കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് മുസ്ലീം പള്ളി പണിതിരിക്കുന്നത്.















