ചെന്നൈ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കടുത്ത ഊഹാപോഹങ്ങൾക്കും കിം വദന്തികൾക്കും ഇടയിൽ വിജയകാന്ത് വീണ്ടും ജനമധ്യത്തിൽ.
ഡിഎംഡികെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ‘ക്യാപ്റ്റൻ’ വിജയകാന്ത് വ്യാഴാഴ്ച പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചെന്നൈ തിരുവേക്കാടുള്ള സ്വകാര്യ ഹാളിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് വിജയകാന്ത് പങ്കെടുത്തത്. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാനും പൂർണ അധികാരം നൽകാനുള്ള പ്രമേയം അംഗീകരിച്ചു.മൈചോങ് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്ക് ഇടക്കാലാശ്വാസമായി 15,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നൽകണമെന്ന് കൗൺസിൽ പ്രമേയം പാസാക്കി.പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനായി ‘പ്രകൃതി ദുരന്ത പീപ്പിൾസ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് സ്കീം’ സ്ഥാപിക്കാൻ ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനോട് ആവശ്യപ്പെട്ടു.
വിജയകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും മാധ്യമസ്ഥാപനങ്ങളെ ഡിഎംഡികെ ജനറൽ കൗൺസിൽ അപലപിച്ചു. ഒട്ടാകെ 18 പ്രമേയങ്ങൾ ഈ സമ്മേളനം പാസാക്കി.
സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം വിജയകാന്ത് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്.ക്യാപ്റ്റന്റെ സാന്നിദ്ധ്യത്തിൽ പുത്തൻ ഉണർവോടെയാണ് പാർട്ടി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിൽ കണ്ടുള്ള ഡി എം ഡി കെ യുടെ നീക്കം രാഷ്‌ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്.















